Kerala
പി എന്‍ ഷാജിയുടെ ആത്മഹത്യ; എസ്എഫ്‌ഐക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി: കേരള സര്‍വ്വകലാശാല കലോത്സവത്തിലെ വിധികര്‍ത്താവ് പി എന്‍ ഷാജിയുടെ ആത്മഹത്യയില്‍ എസ്എഫ്‌ഐക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എസ്എഫ്‌ഐ കൊടുംക്രൂരത വീണ്ടും ഒരു മരണത്തിനിടയാക്കി. സിദ്ധാര്‍ത്ഥന്റെ മരണം എസ്എഫ്‌ഐയുടെ കണ്ണുതുറപ്പിച്ചിട്ടില്ല. മുഖ്യമന്ത്രി ഒരുക്കിയ തണലിലാണ് എസ്എഫ്‌ഐ ക്രിമിനലുകള്‍ കേരളത്തില്‍ അഴിഞ്ഞാടുന്നത്. എസ്എഫ്‌ഐ വീണ്ടും കേരള സമൂഹത്തെ വെല്ലുവിളിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.
‘എസ്എഫ്‌ഐക്കാര്‍ പറഞ്ഞത് കേട്ടില്ല എന്നതിന്റെ പേരില്‍ മുറിയില്‍കൊണ്ടുപോയി ഷാജിയെ ക്രൂരമായി മര്‍ദ്ദിച്ചു. അദ്ദേഹം വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ശരീരത്തില്‍ മുറിവുകളുണ്ട്. 51 വയസ്സുള്ളയാളെയാണ് എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചത്. ഇവന്റെയൊക്കെ അച്ഛനാകാന്‍ പ്രായമുള്ളയാളെയാണ് മുറിയില്‍കൊണ്ടുപോയി മര്‍ദിച്ചത്. സിദ്ധാര്‍ത്ഥിന്റെ മരണം ഇവരുടെ കണ്ണുതുറപ്പിച്ചിട്ടില്ല. എസ്എഫ്‌ഐ വീണ്ടും കേരള സമൂഹത്തെ വെല്ലുവിളിക്കുകയാണ്. സിദ്ധാര്‍ത്ഥിനും അമലിനും ശേഷം കോളേജില്‍ വിജയിച്ച മുഴുവന്‍ കുട്ടികളെയും മര്‍ദിച്ചു. എസ്എഫ്‌ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. മുഖ്യമന്ത്രി ഒരുക്കിയ തണലിലാണ് ക്രിമിനലുകള്‍ കേരളത്തില്‍ അഴിഞ്ഞാടുന്നത്. രക്ഷകര്‍ത്താക്കള്‍ ഇറങ്ങി കുട്ടികളെ രക്ഷിക്കേണ്ട സ്ഥിതി. അപകടകരമായ നിലയിലേക്ക് എത്തി. കുഞ്ഞുങ്ങളെ കോളേജിലേക്ക് അയക്കാന്‍ ഭയമെന്ന് രക്ഷിതാക്കള്‍ ഫോണില്‍ വിളിച്ച് ആശങ്ക പറഞ്ഞു.’ വി ഡി സതീശന്‍ പറഞ്ഞു.