തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കെ-റെയിൽ പദ്ധതി അട്ടിമറിക്കാൻ 150 കോടിരൂപ വാങ്ങിയെന്ന ആരോപണത്തിന് തെളിവ് തേടി കോടതി. എ.എച്ച്. ഹഫീസ് സമർപ്പിച്ച ഹർജിയിലാണ് പ്രത്യേക വിജിലൻലസ് കോടതി തെളിവ് ആവശ്യപ്പെട്ടത്. പി.വി. അൻവർ എംൽഎ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ഈ പ്രസംഗത്തിന്റെ പകർപ്പ് കോടതിയിൽ ഹാജരാക്കിയിരുന്നു.
ഹർജിക്കാരനോട് ആരോപണത്തിന് തെളിവ് ഹാജരാക്കിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. നിയമസഭയിലെ പ്രസംഗത്തിന്റെ പകർപ്പ് ഹാജരാക്കിയതായി ഹർജിക്കാരന് അറിയിച്ചെങ്കിലും അതു പോരെന്നും വ്യക്തമായ തെളിവുണ്ടെങ്കിലേ വിജിലൻസ് അന്വേഷണത്തിന് നിർദേശിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി.
പരാതിക്കാരൻ വിജിലൻസിന് പരാതി നൽകിയോയെന്നും കോടതി ചോദിച്ചു. വിജിലൻസിന് നൽകിയ പരാതിയിലെ തത്‌സ്ഥിതി അറിയിക്കാൻ വിജിലൻസ് പ്രോസിക്യൂട്ടർ വീണ സതീശനോട് കോടതി നിർദേശിച്ചു. കേസ് ഏപ്രിൽ ഒന്നിന് പരിഗണിക്കാൻ ജഡ്ജി എം.വി. രാജകുമാരൻ നിർദേശിച്ചു.
കെ-റെയിലിന് തുരങ്കംവെക്കാൻ 150 കോടിരൂപ സതീശൻ കർണാടകയിലെയും ഹൈദരാബാദിലെയും ഐ.ടി. കമ്പനികളിൽനിന്ന് വാങ്ങിയെന്നാണ് നിയമസഭയിൽ പി വി അൻവർ എംഎൽഎ ആരോപിച്ചത്.