കൊച്ചി: ഇ പി ജയരാജൻ – പ്രകാശ് ജാവദേക്കർ വിഷയത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുകയാണ്. സിപിഐഎമ്മും ബിജെപിയും തമ്മിലുളള മറനീക്കി പുറത്തു വന്നിരിക്കുകയാണ്. പ്രതിപക്ഷം നേരത്തെ പറഞ്ഞ കാര്യങ്ങൾ അടിവരയിടുകയാണെന്നും വി ഡി സതീശൻ പ്രതികരിച്ചു.
വി എസ് അച്യുതാനന്ദന്റെ കാലം മുതൽ സിപിഎം നേതാക്കൾക്ക് ദല്ലാള്‍ നന്ദകുമാറുമായി ബന്ധമുണ്ട്. ജാവദേക്കാറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. മുഖ്യമന്ത്രി എന്തിനാണ് ബിജെപി നേതാവ് മാത്രമായ ജാവദേക്കറെ കണ്ടത് എന്ന് വി ഡി സതീശൻ ചോദിച്ചു.
നല്ല ശിവന്റെ കൂടെയാണ് പാപി കൂടിയതെങ്കിൽ പാപി കത്തിയെരിഞ്ഞു പോകും. പക്ഷേ ഇത് ഡ്യൂപ്ലിക്കേറ്റ് ശിവനാണ്. ഇ പി ജയരാജനെ ഇപ്പോൾ വെറുക്കപ്പെട്ടവനാക്കി മാറ്റിയെന്ന് വി ഡി സതീശൻ ആരോപിച്ചു. ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നണി തോൽക്കുമ്പോൾ ഇ പി ജയരാജൻ അതിന്റെ ഉത്തരവാദിയാകും. ഇ പി ജയരാജൻ ബലിയാടാകുമെന്നും വി ഡി സതീശൻ പറഞ്ഞു.