സ്റ്റുഡൻ്റ്സ് വിസ വഴി അമേരിക്കയിലേക്ക് ഇന്ത്യക്കാരെ കടത്തുന്ന കേസിൽ ഗുജറാത്ത് ആസ്ഥാനമായുള്ള കനേഡിയൻ കോളജുകളുടെയും നിരവധി ഇന്ത്യൻ സ്ഥാപനങ്ങളുടെയും പങ്ക് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നു. കാനഡ ഇടത്താവളമായി ഉപയോഗിച്ചാണ് ആളെക്കടത്തൽ എന്നാണ് കണ്ടെത്തൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ് അന്വേഷണം.
ഗുജറാത്തിലെ ഗാന്ധിനഗറിലെ ഡിങ്കുച്ച ഗ്രാമത്തിൽ നിന്നുള്ള നാലംഗ ഇന്ത്യൻ കുടുംബത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അന്വേഷണമെന്ന് കേന്ദ്ര ഏജൻസി വൃത്തങ്ങൾ അറിയിച്ചു. 2022 ജനുവരിയിൽ യുഎസ്-കാനഡ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് കുട്ടികളുൾപ്പെടെയുള്ള കുടുംബം തണുപ്പ് അതിജീവിക്കാനാവാതെ മരിച്ചിരുന്നു. ജഗദീഷ് പട്ടേൽ, ഭാര്യ വൈശാലി ബെൻ, മകൾ വിഹാംഗി (11), മകൻ ധാർമിക്(3) എന്നിവരാണ് മരിച്ചത്.
ഇക്കഴിഞ്ഞ ജനുവരിയിൽ കാനഡയിലെ മാനിറ്റോബ പ്രവിശ്യയിലെ എമേഴ്‌സൺ ടൗണിന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. യുഎസിലേക്കുള്ള നിയമവിരുദ്ധമായ പ്രവേശനത്തിന് ഈ കുടുംബം കള്ളക്കടത്തുകാർക്ക് പണം നൽകിയിരുന്നതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ള 11 അംഗ റാക്കറ്റാണ് ഇതിനു പിന്നിലെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.