India

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് ട്രംപ്

Posted on

വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ഡൊണള്‍ഡ് ട്രംപ്. ന്യൂഹാംഷെയര്‍ പ്രൈമറി തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് കൂടിയായ ഡൊണാള്‍ഡ് ട്രംപിന് വിജയം. ജയത്തോടെ ഡൊണാള്‍ഡ് ട്രംപ് തന്നെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിത്വ പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്തിയ നിക്കി ഹേലി 46 ശതമാനത്തിലധികം വോട്ടുകള്‍ നേടി.

ഇയോവ കോക്കസില്‍ നേടിയ പകുതിയിലധികം വോട്ട് ശതമാനം ന്യൂഹാംഷെയര്‍ പ്രൈമറിയിലും ആവര്‍ത്തിച്ചു. നിക്കി ഹേലിയുടെ സ്ഥാനാര്‍ത്ഥിത്വം കാര്യമാക്കുന്നില്ല എന്നും നിക്കി ഹേലിയ്ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെയെന്നും ആയിരുന്നു വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ട്രംപിന്റെ പ്രതികരണം. ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി, ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് എന്നിവര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പോരാട്ടത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇരുവരും ഡൊണള്‍ഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എഡിസൺ റിസർച്ച് അനുസരിച്ച് ട്രംപിന് 52.3 ശതമാനം വോട്ട് ലഭിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രചരണത്തിന് ഇറങ്ങിയില്ലെങ്കിലും ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടി ന്യൂഹാംഷെയറിൽ വിജയിച്ചു. അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ യോഗ്യമായ മാനസിക നില ട്രംപിനില്ലെന്ന് നിക്കി ഹേലി ന്യൂഹാംഷെയറിലെ പ്രചരണത്തിനിടെ വിമർശിച്ചിരുന്നു. ഒരു രാജ്യം താറുമാറാകുകയും ലോകം തീപിടിക്കുകയും ചെയ്യുമ്പോള്‍ 80 വയസ്സുള്ള രണ്ട് പേര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടോയെന്ന് ഹേലി ചോദിച്ചു. ആദ്യ ഘട്ടത്തില്‍ ട്രംപിനെതിരായ നേരിട്ടുള്ള ആക്രമണങ്ങള്‍ ഹേലി ഒഴിവാക്കിയിരുന്നു. എന്നാൽ മത്സരം കടുത്തതോടെ ട്രംപിന്റെ വിമർശനങ്ങളോട് ഹേലി തിരിച്ചടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version