India

ശസ്ത്രക്രിയയിലൂടെ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു

Posted on

വാഷിങ്ടൺ: ലോകത്ത് ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു. അമേരിക്കയിലെ 62 വയസ്സുകാരന്‍ വെയ്‌മൗത്ത് സ്വദേശി റിച്ചാർഡ് സ്ലേമാൻ ആണ് അന്തരിച്ചത്. സ്ലേമാൻ്റെ മരണം അറിയിച്ചു കൊണ്ട് കുടുംബം, ശസ്ത്രക്രിയ നടന്ന മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും മുഴുവൻ ടീമിനും നന്ദി പറഞ്ഞു. ‘മൂന്ന് മാസം കൂടി ഞങ്ങൾക്കൊപ്പം ജീവിക്കാൻ അവസരം തന്നതിന് നന്ദി എന്നാണ് കുടുംബം നന്ദി കുറിപ്പിൽ കുറിച്ചത്.

മാർച്ച് 21ന് മസാച്യുസെറ്റ്സ് ആശുപത്രിയിലായിരുന്നു വൃക്കരോഗിയായിരുന്ന റിച്ചാർഡ് സ്ലേമാന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. ലോകത്തിലാദ്യമായി ജീവിച്ചിരിക്കുന്ന ഒരാളിലേക്ക് വിജയകരമായി പന്നിയുടെ വൃക്ക മാറ്റിവച്ചുവെന്നത് മെഡിക്കൽ രംഗത്തെ വിപ്ലവമായിരുന്നു. സ്ലേമാൻ്റെ വൃക്ക മാറ്റിവെച്ചതിന് ശേഷം രണ്ട് പേരിലേക്ക് കൂടി ഇത്തരത്തിൽ പന്നിയുടെ വൃക്ക മാറ്റി വെച്ചിരുന്നെങ്കിലും ഇരുവരും കൂടുതൽ ദിനങ്ങൾ അതിജീവിച്ചിരുന്നില്ല.

മൃഗങ്ങളിൽനിന്നുള്ള കോശങ്ങളോ അവയവങ്ങളോ ഉപയോഗിച്ച് മനുഷ്യരുടെ രോഗം സുഖപ്പെടുത്തുന്നതിനെ സെനോട്രാൻസ്പ്ലാൻ്റേഷൻ എന്നാണ് പറയുന്നത്. എന്നാൽ മൃഗങ്ങളുടെ ശരീര ഘടനയും കോശവും മനുഷ്യനിൽ നിന്നും തീർത്തും വ്യത്യസ്തമായത് കൊണ്ട് ഒരു പരിധിക്കപ്പുറം ഈ പരീക്ഷങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. എന്നാൽ പന്നിയുടെ കോശ ഘടനയും ശാരീരിക ഘടനയും ഏകദേശം മനുഷ്യന്റെ ഘടനയോട് സാമ്യപ്പെടുന്നു എന്ന് കണ്ടാണ് പന്നിയുടെ അവയവങ്ങൾ മാറ്റി വെക്കുന്ന പരീക്ഷങ്ങളിലേക്ക് മെഡിക്കൽ രംഗം കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version