India
യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ബൈഡന്‍ പിന്മാറി; പ്രഖ്യാപനം തീര്‍ത്തും അപ്രതീക്ഷിതം
യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ പിന്മാറുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ. അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ബൈഡന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് എതിര്‍പ്പ് ഉയരുമ്പോഴാണ് പിന്‍വാങ്ങല്‍. “നിങ്ങളുടെ പ്രസിഡൻ്റായി പ്രവർത്തിക്കുക എന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. വീണ്ടും തിരഞ്ഞെടുക്കപ്പെടുക എന്നത് എൻ്റെ ഉദ്ദേശ്യമാണെങ്കിലും ശേഷിക്കുന്ന കാലയളവിൽ പ്രസിഡൻ്റ് എന്ന നിലയിൽ എൻ്റെ ചുമതലകൾ നിറവേറ്റുന്നതിനായി ഞാൻ മാറി നിൽക്കേണ്ടത് എൻ്റെ പാർട്ടിയുടെയും രാജ്യത്തിൻ്റെയും ഏറ്റവും മികച്ച താൽപ്പര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.” – ബൈഡന്‍ കുറിപ്പിൽ പറഞ്ഞു. ബൈഡനു പകരം വൈസ് പ്രസിഡന്റ് ഇന്ത്യൻ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കിനിൽക്കേയാണ് ബൈഡന്റെ പിന്മാറ്റം. പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിൽനിന്നു ബൈഡൻ പിന്മാറണമെന്നു പാർട്ടിക്കകത്തും പുറത്തും ചർച്ചയായിരുന്നു. ട്രംപിന് മുന്നിൽ ബൈഡന് പിടിച്ചുനിൽക്കാനാകില്ലെന്നും അഭിപ്രായമുയർന്നു. ബൈഡന്റെ പിന്മാറ്റത്തോടെ ഷിക്കാഗോയിൽ അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷനൽ കൺവൻഷനിൽ പുതിയ സ്ഥാനാർഥിയെ തെരഞ്ഞെടുക്കും.