യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ മനോജ് സോണി രാജിവെച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് രാജിക്കത്ത് കൈമാറിയത്. നരേന്ദ്രമോദിയുടെ വിശ്വസ്തനായ സോണിയുടെ രാജി അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. രാജിയുടെ കാരണം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. എന്നാല്‍ രാജി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന. പുതിയ ചെയർപേഴ്സനെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. പൂജ ഖേദ് കറുടെ നിയമനവുമായി ബന്ധപ്പെട്ട് സിവിൽ സർവീസ് പരീക്ഷ നടത്തിപ്പിനെക്കുറിച്ച് വിവാദങ്ങള്‍ തുടരുമ്പോഴാണ് രാജി.
2017ൽ ആണ് സോണി യുപിഎസ് സി അംഗമായി ചുമതലയേൽക്കുന്നത്. 2023 മെയ് 16 -ന് ചെയർപേർസൺ ആയി. 2029 വരെ കാലാവധി ഉണ്ടായിരിക്കെയാണ് രാജി എന്നത് ശ്രദ്ധേയമാണ്. 2020ൽ ഗുജറാത്തിലെ സ്വാമിനാരായൺ വിഭാഗത്തിന്റെ അനൂപം മിഷനിൽ സന്യാസിയായി ദീക്ഷ സ്വീകരിച്ചിരുന്നു. അനൂപം മിഷനിൽ കൂടുതൽ സമയം ചെലവഴിക്കാനാണ് രാജിയെന്ന് റിപ്പോർട്ടുകളുണ്ട്.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വഡോദരയിലെ പ്രശസ്തമായ എംഎസ് സര്‍വകലാശാലയിലെ വൈസ് ചാൻസലർ ആയി മനോജ് സോണിയെ നിയമിച്ചിരുന്നു. അന്ന് അദ്ദേഹത്തിന് 40 വയസ് മാത്രമായിരുന്നു പ്രായം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാൻസലർ ആയിരുന്നു മനോജ് സോണി. പിന്നീട് ഡോ. ബാബാസാഹേബ് അംബേദ്‌കർ ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ആയും സോണി പ്രവർത്തിച്ചിട്ടുണ്ട്. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രസംഗം എഴുതിയിരുന്നവരിൽ ഒരാൾ മനോജ് സോണി ആണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.