ലഖ്നൗ: ട്രില്യണ്‍ ഡോളർ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ 11 പുതിയ സ്വകാര്യ ടെക്സ്റ്റൈല്‍ പാർക്കുകള്‍ സ്ഥാപിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി ഒഴിവാക്കുക, നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളും ഇതിന് പിന്നിലുണ്ട്. ഗൊരഖ്പൂർ, ഭദോഹി, അലിഗഡ്, ബാഗ്പത്, ഷംലി തുടങ്ങിയവ ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് ടെക്സ്റ്റൈല്‍ പാർക്കുകള്‍ യാഥാർത്ഥ്യമാകുന്നത്.
726 കോടി രൂപ മുതല്‍ മുടക്കില്‍ സംസ്ഥാനത്തെ ആദ്യത്തെ സ്വകാര്യ ടെക്സ്റ്റൈല്‍ പാർക്ക് ഷംലി ജില്ലയില്‍ സ്ഥാപിക്കും. നൈപുണ്യ വികസനം ഉള്‍പ്പെടെ വിവിധ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കുക വഴി ചൈന പോലെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ അസംസ്കൃത വസ്തുക്കള്‍ വാങ്ങേണ്ടതിൻ്റെ ആവശ്യകത കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഏകദേശം 126.61 കോടി രൂപ ചെലവില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. കൂടാതെ, ലഖ്നൗവില്‍ 1000 ഏക്കർ സ്ഥലത്ത് പിഎം മിത്ര പാർക്ക് വികസിപ്പിക്കുകയും ചെയ്യും.