കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ട്രഷററായി നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണ സമിതിയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന ഉണ്ണി മുകുന്ദന്‍ ട്രഷറര്‍ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ മറ്റാരെങ്കിലും മത്സരിക്കാനുണ്ടായേക്കും എന്നായിരുന്നു വിവരം. എന്നാല്‍ മറ്റാരും ട്രഷറര്‍ സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിക്കാതിരുന്നതോടെ ഉണ്ണി മുകുന്ദന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. സിദ്ദീഖിന്റെ പിന്‍ഗാമി ആയാണ് ഉണ്ണി മുകുന്ദന്‍ ട്രഷറര്‍ സ്ഥാനത്തെത്തുന്നത്.
ചൊവ്വാഴ്ചയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. പത്രികാ സമർപ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ മാത്രമാണ് ഉണ്ടായിരുന്നത് . അമ്മ അദ്ധ്യക്ഷ സ്ഥാനത്ത് മോഹന്‍ലാലിന് ഇത് മൂന്നാം ഊഴമാണ്.
നേരത്തെ പദവി ഒഴിയാന്‍ മോഹന്‍ലാല്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സഹപ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം മോഹന്‍ലാല്‍ പദവിയില്‍ തുടരുകയായിരുന്നു. അതേസമയം 25 വര്‍ഷത്തോളം സംഘടനയില്‍ നേതൃനിരയിലുണ്ടായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇടവേള ബാബുവിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്.
സിദ്ദിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. നിലവിലെ ഭരണസമിതിയില്‍ ട്രഷറര്‍ ആയിരുന്നു സിദ്ദീഖ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും കനത്ത മത്സരം നടക്കുന്നുണ്ട്. ജഗദീഷ്, മഞ്ജുപ്പിള്ള, ജയന്‍ ചേര്‍ത്തല എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് പദവിയില്‍ നിലവില്‍ ഉണ്ടായിരുന്നത് ശ്വേത മേനോന്‍, മണിയന്‍പിള്ള രാജു എന്നിവരായിരുന്നു
ജൂണ്‍ 30 ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് അമ്മയുടെ പൊതുയോഗം നടക്കുന്നത്. മൂന്ന് കൊല്ലത്തില്‍ ഒരിക്കല്‍ നടക്കാറുള്ള ഈ പൊതുയോഗത്തില്‍ പുതിയ ഭാരവാഹികള്‍ അമ്മക്ക് ഉണ്ടാകും. സുധീര്‍ കരമന, സുരഭി ലക്ഷ്മി, ബാബുരാജ്, ടൊവീനോ തോമസ്, മഞ്ജു പിള്ള, ടിനി ടോം, ഉണ്ണി മുകുന്ദന്‍, ലെന, രചന നാരായണന്‍ കുട്ടി, ലാല്‍ എന്നിവരാണ് നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍.
ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജും മത്സരിക്കുന്നുണ്ട്. ഇത്തവണ എല്ലാവരും മത്സരിക്കട്ടെ എന്ന മോഹന്‍ലാലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഔദ്യോഗിക പാനല്‍ ഇല്ലാതെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അമ്മയിലെ 506 അംഗങ്ങള്‍ക്കാണ് വോട്ട് ചെയ്യാന്‍ അവകാശമുള്ളത്. ഇതില്‍ ആജീവനാന്ത അംഗങ്ങളായി 394 പേരും ഓണററി അംഗങ്ങളായി 112 പേരുമുണ്ട്.
ഓണററി അംഗങ്ങള്‍ക്ക് വോട്ടവകാശമുണ്ടെങ്കിലും മത്സരിക്കാന്‍ സാധിക്കില്ല. 2021-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും ഇടവേള ബാബുവും പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മത്സരമുണ്ടായി. മണിയന്‍പിള്ള രാജുവും ശ്വേത മേനോനും വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡന്റായി.