സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിച്ചിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. നിരന്തരം ഉയര്‍ത്തിയ സുപ്രധാന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയാറാകാത്തത് ജനങ്ങളോടുളള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ഇന്നത്തെ രാഷ്ട്രീയ നിലനില്‍പ്പിന് അനിവാര്യമായ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ നടത്തിയിട്ടുള്ളത്. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളായ എയിംസ് ഉള്‍പ്പെടെയുള്ളവ പരിഗണിച്ചിട്ടില്ല. പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും അവഗണിച്ചു. ഇത് തികച്ചും നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കും അതില്‍ സാമ്പത്തിക ചെലവുണ്ട്. ഇത്തവണ നഗരവികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ സംസ്ഥാനത്തിന്റെ നികുതി അധികാരങ്ങളില്‍ കേന്ദ്രം കൈകടത്തുകയാണ്. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികളില്‍ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയതായിട്ടുണ്ട്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിയില്‍ 2002 – 23ല്‍ 272, 802 കോടി രൂപയായിരുന്നു വകയിരുത്തിയതെങ്കില്‍ ഇത്തവണ അത് 2,05, 220 കോടി രൂപ മാത്രമാണ്. പ്രധാനമന്ത്രി പോഷണ്‍ അഭിയാന്‍ പദ്ധതിയില്‍ 2002- 23 ല്‍ 12 , 681 കോടി രൂപ വകയിരുത്തിയിരുന്നു. അത് 12,467 കോടി രൂപയായി ചുരുക്കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് 2022- 23 ല്‍ 90, 806 കോടി രൂപ വകയിരുത്തിയെങ്കില്‍ ഇത്തവണ 86, 000 കോടി രൂപ മാത്രമാണുള്ളത്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് സാധാരണ ജനങ്ങളെ ബാധിക്കുന്ന പദ്ധതികളോടുള്ള ഉദാസീനമായ സമീപനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.