ബജറ്റിലെ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് പാര്‍ലമെന്റില്‍ രൂക്ഷമായ ഭാഷയില്‍ മറുപടി നല്കി ധനമന്ത്രി നിര്‍മ്മല സീതാരാമന്. വിവേചനപരമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചതെന്നും കസേര സംരക്ഷിക്കാനുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നുമുള്ള പ്രതിപക്ഷ വിമര്‍ശനമാണ് ധനമന്ത്രിയെ ചൊടിപ്പിച്ചത്.
ഒരു സംസ്ഥാനത്തെയും അവഗണിച്ചിട്ടില്ലെന്നും. എല്ലാ മേഖലയേയും ഉള്‍പ്പെടുത്തിയാണ് ബജറ്റ് തയ്യാറാക്കിയതെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പൗരന്മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും അവര്‍ ആരോപിച്ചു.
ബജറ്റില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാന്‍ കഴിയില്ല. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ഒരു തുറമുഖം സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ചൊവ്വാഴ്ചത്തെ ബജറ്റ് പ്രസംഗത്തില്‍ സംസ്ഥാനത്തിന്റെ പേര് പരാമര്‍ശിച്ചില്ല. ഇതിനര്‍ത്ഥം മഹാരാഷ്ട്ര അവഗണിക്കപ്പെടുന്നുവെന്നാണോ എന്നും മന്ത്രി ചോദിച്ചു. പ്രസംഗത്തില്‍ ഒരു പ്രത്യേക സംസ്ഥാനത്തിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം എല്ലാ പരിപാടികളും ആ സംസ്ഥാനത്തിന് എന്നല്ല. ഇത് ജനങ്ങളെ തെറ്റിധരിപ്പിക്കാനുളള കോണ്‍ഗ്രസിന്റെ ബോധപൂര്‍വ്വമായ ശ്രമമാണെന്നും നിര്‍മ്മല സീതാരാമന് കുറ്റപ്പെടുത്തി.
ബിഹാറിനും ആന്ധ്രാപ്രദേശിനും വമ്പന്‍ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെയാണ് കസേര രക്ഷിക്കാനുളള ബജറ്റെന്ന വിമര്‍ശനം ഉയര്‍ന്നത്. ഇന്‍ഡ്യ മുന്നണി ലോക്സഭ്ക്കുള്ളിലും പുറത്തും പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ശനിയാഴ്ച നടക്കുന്ന നീതി ആയോഗ് യോഗം ബഹിഷ്കരിക്കാനും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ തീരുമാനിച്ചിട്ടുണ്ട്.