കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ. എംഎൽഎക്ക് ബോധം തെളിഞ്ഞെന്നും ചോദ്യങ്ങളോട് പ്രതികരിച്ചെന്നും ഡോക്ടർ പറഞ്ഞു. സെഡേഷൻ മരുന്നിന്റെ ഡോസ് കുറച്ചു. ഏഴുമണിക്ക് ഉണർന്നു.
പറയുന്ന കാര്യങ്ങളോട് പ്രതികരിക്കുന്നുണ്ട്. കൈകാലുകൾ അനക്കി, ചിരിച്ചു. കൈയിൽ മുറുകെ പിടിക്കാൻ മകൻ പറഞ്ഞത് അനുസരിച്ചു. വായിൽ ട്യൂബ് ഉള്ളത് കൊണ്ട് സംസാരിക്കാൻ സാധ്യമല്ല. ഇപ്പോഴും വെന്റിലേറ്ററിലാണ്.
ശ്വാസകോശത്തിലെ പരിക്കിലാണ് ആശങ്കയുള്ളത്. ഇന്ന് എക്‌സറേയിൽ നേരിയ പുരോഗതി കാണിക്കുന്നുണ്ട്. ശ്വാസകോശത്തിൽ കാര്യമായ പരിക്കുള്ളതിനാൽ അണുബാധയില്ലാതിരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. എംഎൽഎ വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്. വെന്റിലേറ്ററിൽനിന്ന് മാറ്റി 24 മണിക്കൂർ കഴിഞ്ഞാൽ മാത്രമേ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് പറയാൻ കഴിയൂ എന്നും ഡോക്ടർ പറഞ്ഞു.
അതേസമയം, ഉമ തോമസ് എംഎൽഎയ്ക്ക് അപകടം ഉണ്ടായ സംഭവത്തിൽ സംയുക്ത പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നു. പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങൾ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
കലൂർ സ്റ്റേഡിയത്തിലുണ്ടായത് വൻ സുരക്ഷാ വീഴ്ചയെന്നാണ് റിപ്പോർട്ട്. സ്റ്റേജ് നിർമിച്ചത് അപകടകരമായാണെന്നും അധികമായി നിർമിച്ച ഭാഗത്തിനു വേണ്ടത്ര ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വിഐപി സ്റ്റേജിന് അടുത്തായി ആംബുലൻസ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ വൈകിയെന്നും പരിശീലനം ലഭിക്കാത്തവരാണ് ഉമ തോമസിനെ ആംബുലൻസിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.