ഉമ തോമസ് എം.എൽ.എക്ക് വീണ് ഗുരുതര പരിക്കേറ്റുവെന്ന മാധ്യമ വാർത്തകൾക്ക് താഴെ പരിഹാസ, അധിക്ഷേപ കമന്റുകളുമായി രാഷ്ട്രീയ എതിരാളികൾ. ഉമയുടെ രാഷ്ട്രീയ നിലപാടുകളെ അപകടവുമായി കൂട്ടിച്ചേർത്ത് പരിഹസിച്ചാണ് കമന്റുകൾ.
എം.എൽ.എയെ വ്യക്തിഹത്യ നടത്തുന്ന പരാമർശങ്ങളും ധാരാളമുണ്ട്. ‘മനുഷ്യരാകണം, മനുഷ്യരാകണം’ എന്ന് പാട്ടുപാടി നടന്നാൽ പോരെന്നും ഇത്തരം സന്ദർഭങ്ങളിലെങ്കിലും മനുഷ്യരാകാൻ ശ്രമിക്കണമെന്നും ഇതിന് മറുപടിയായി ചിലർ കമന്റുചെയ്യുന്നുണ്ട്.
‘ധൃതി ഒന്നുമില്ല പതുക്കെ സുഖം പ്രാപിച്ചാൽ മതി. പ്രത്യേകിച്ചു കാര്യമൊന്നുമില്ല’ ‘വെറുതെ ധൃതി കാണിക്കേണ്ടായിരുന്നു അതല്ലേ വീണത്’, ‘ആവശ്യമില്ലാതെ വെറുതെ വലിഞ്ഞുകയറണമായിരുന്നോ എന്തിനാ ഇത്ര തിരക്ക് ആർക്കാണ് ഇത്ര തിരക്ക്’ ‘എന്തായാലും സർക്കാർ ധൃതിയിൽ തന്നെ ഉമാതോമസിന്റെ ചികിത്സ പുരോഗമിപ്പിക്കുന്നുണ്ട്’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. സി.പി.എം അനുകൂലികളാണ് ഇത്തരം കുറിപ്പുകൾ അധികവും എഴുതിയിരിക്കുന്നത്.