Kerala

ഉമ തോമസിൻ്റെ അപകടത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ​ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരുക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്ത പരിപാടി നടത്തിയതിന് ആണ് പൊലീസ് സംഘാടകർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ് ഐ ആ‍ർ രജിസ്റ്റർ ചെയ്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ​ഗാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജിൽ എട്ടടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലമൊരുക്കിയത്. ദുർബലമായ ക്യൂ ബാരിയേർസ് ഉപയോ​ഗിച്ചായിരുന്നു മുകളിൽ കൈവരിയൊരുക്കിയത്. പിന്നാലെ കേസെടുക്കാൻ എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎ തീവ്രപരിചണവിഭാ​ഗത്തിൽ തുടരുന്നു. റിനേ മെഡിസിറ്റി ആശുപത്രിയിലുള്ള എംഎൽഎയ്ക്ക് വെന്റിലേറ്ററിന്റെ സഹായമുണ്ട്. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും ശ്വാസകോശത്തിനും ​പരിക്കേറ്റ എംഎൽഎ വിദഗ്ദ്ധ ഡോ​ക്ടർമാരുടെ സാനിധ്യത്തിൽ 24 മണിക്കൂർ നിരീക്ഷണത്തിലാണ്. അടിയന്തരശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് കഴിഞ്ഞ രാത്രിയിൽ ഡോക്ടർമാർ അറിയിച്ചത്. മൂന്ന് വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. ഇതിനെ തുടർന്നാണ് ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചത്. നട്ടെല്ലിനും പരിക്കുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേത‍ൃത്വത്തിലുള്ള അഞ്ചം​ഗ സംഘം ഉൾപ്പെടെയുള്ള വിദ​ഗ്ധ ഡോക്ടർമാരാണ് ഉമ തോമസിനെ ചികിത്സിക്കുന്നത്. പുതിയ മെഡിക്കൽ ബുള്ളറ്റിൻ രാവിലെ പത്തരയോടെ ഇറക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top