പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി ടി എം തോമസ് ഐസക്കിനെതിരെ കിഫ്ബി പ്രചരണായുധമാക്കുമെന്ന് സിറ്റിംഗ് എംപി ആന്റോ ആന്റണി. കിഫ്ബിയിലൂടെ കോടികൾ ദുർവ്യയം ചെയ്തു. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് കിഫ്ബി നടപ്പാക്കിയത്. ഒരാഴ്ചക്കുളളിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകും. വൻ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിക്കുമെന്നും വിജയത്തിൽ യാതൊരു സംശയവുമില്ലെന്നും ആന്റോ ആന്റണി പറഞ്ഞു.
ദീര്‍ഘകാലം ധനമന്ത്രിയായിരുന്നിട്ടും ഗൗരവമായ ഒരു കാര്യവും തോമസ് ഐസക് ചെയ്തില്ലെന്ന് കഴിഞ്ഞ ദിവസം ആന്റോ ആന്റണി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നില്ലെങ്കിലും നിയുക്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി എംപി പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെയായിരുന്നു തോമസ് ഐസക്കിനെതിരായ വിമര്‍ശനം.
ശബരിമല വിഷയം ഇക്കുറിയും മണ്ഡലത്തില്‍ ചര്‍ച്ചയാകുമെന്നും ആന്റോ ആന്റണി എംപി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ശബരിമല അയ്യപ്പഭക്തരാരും ഇക്കുറി ഇടതുമുന്നണിക്ക് വേണ്ടി വോട്ട് ചെയ്യില്ല. ശബരിമല തീര്‍ത്ഥാടനം ദുസ്സഹമാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു. ഇക്കുറിയും പത്തനംതിട്ടയില്‍ യുഡിഎഫിന് വിജയം ഉറപ്പാണ്. ഭൂരിപക്ഷ ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ യുഡിഎഫിനുണ്ടെന്നും ആന്റോ ആന്റണി പറഞ്ഞു.