തിരുവനന്തപുരം: ബിജെപി ബന്ധത്തിന്റെ പേരിൽ ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ അദ്ദേഹം ഉടനടി കൺവീനർ സ്ഥാനം രാജി വക്കണമെന്ന് കെ പി സി സി ആക്ടിംഗ് പ്രസിഡൻ്റ് എം.എം ഹസൻ പറഞ്ഞു. ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുള്ള ജയരാജന്റെ കൂടിക്കാഴ്ചയെ മുഖ്യമന്തിക്ക് തള്ളിപ്പറയേണ്ടി വന്നത് സി പി എം – ബിജെപി ഡീൽ പുറത്തു വന്നതിന്റെ ജാള്യം മറയ്ക്കാനാണെന്നും ഹസൻ പറഞ്ഞു.
നല്ല കമ്യൂണിസ്റ്റുകാരൻ എന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ജയരാജനിൽ മുഖ്യ മന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടു. കടിച്ചു തൂങ്ങാതെ രാജി വയ്ക്കുന്നതാണ് അദ്ദേഹത്തിനും അഭികാമ്യം. കേരളത്തിൽ സി പി എം – ബിജെപി ഡീലിന്റെ സൂത്രധാരകൻ ജയരാജനാണ്. മുഖ്യമന്ത്രിയുടെ വ്യക്തമായ നിർദേശപ്രകാരമാണ് ദീർഘകാലമായി ചർച്ച നടക്കുന്നതെന്നും ഹസൻ പറഞ്ഞു. കേരളത്തിൽ യുഡിഎഫ് തരഗമാണെന്നും മോദിക്കും പിണറായിക്കുമെതിരേ ജനവികാരം ആളിക്കത്തുകയാണെന്നും ഹസൻ ചൂണ്ടിക്കാട്ടി.