Kerala

മോദി ശൈലിയില്‍ പിണറായി സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കുന്നുവെന്ന് പ്രതിപക്ഷം; റൂളിങിന് പിന്നാലെ വാക്കൗട്ട്

അസാധാരണ വേഗത്തില്‍ മുന്‍സിപ്പാലിറ്റി പഞ്ചായത്ത് രാജ് ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കിയ സര്‍ക്കാര്‍ നടപടിയില്‍ ക്രമപ്രശ്‌നമുന്നയിച്ച് പ്രതിപക്ഷം. ഇന്നലെ ബാര്‍ക്കോഴയിലെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷം പ്രതിഷേധിക്കുന്നതിന് ഇടയിലാണ് വാര്‍ഡ് വിഭജനം ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങളുളള ബില്‍ പാസാക്കിയത്. ഇതിനായി സമ്മേളന അജണ്ടയും ഭേദഗതി ചെയ്തിരുന്നു. ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് പ്രതിപക്ഷം ഇന്ന് ക്രമപ്രശ്‌നം ഉന്നയിച്ചത്.

2020ല്‍ പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തി പാസാക്കിയ ബില്‍ അതുപോലെയാണ് ഇന്നലെ പാസാക്കിയത്. അതില്‍ ഏകധിപത്യം കാണിച്ചിട്ടില്ല. പ്രതിപക്ഷ നേതാവിനോട് അജണ്ടയില്‍ ഭേദഗതി വരുത്തുന്ന കാര്യം പാര്‍ലമെന്റിറികാര്യ മന്ത്രി സംസാരിച്ചതാണെന്നും എംബി രാജേഷ് പറഞ്ഞു. ഗ്രൂപ്പ് ഫോട്ടോ എടുത്ത് മടങ്ങുമ്പോള്‍ പാര്‍ലമെന്ററികാര്യ മന്ത്രി പറഞ്ഞത് എന്താണെന്ന് മനസിലായിരുന്നില്ലെന്ന് സതീശന്‍ ഇതിന് മറുപടി നല്‍കി.

തുടര്‍ന്ന് 2025ല്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ഡ് വിഭജനം ഉള്‍പ്പെടെയുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതുള്ളതിനാലാണ് ബില്‍ അടിയന്തരമായി പാസ്സാക്കിയതെന്നും ഇത്തരത്തില്‍ നേരത്തെയും ബില്ലുകള്‍ പാസാക്കിയിട്ടുണ്ടെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍ റൂളിങ് നല്‍കി. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.

പിണറായി സര്‍ക്കാര്‍ മോദി ശൈലിയില്‍ ബില്ലുകള്‍ പാസാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ബില്ലില്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചു. ഈ സംഘപരിവാര്‍ ശൈലി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടികാട്ടി പ്രതിപക്ഷം സഭയില്‍ നിന്നും വാക്കൗട്ട് നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top