Kerala
യുഡിഎഫ് ന് പിന്തുണയെന്ന് എവിടെയും പറഞ്ഞിട്ടില്ല, തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത: കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍
കോഴിക്കോട് : തന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി വ്യജ അറിയിപ്പുകളും പ്രസ്താവനകളും നിലപാടുകളും വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. അതുമായി തനിക്ക് യാതൊരു ബന്ധവുമില്ല, പ്രചരണം വ്യാജമാണെന്നും വാര്‍ത്താക്കുറിപ്പില്‍ കാന്തപുരം അറിയിച്ചു.
സിപിഐഎം പ്രതിനിധികള്‍ കേന്ദ്രത്തില്‍ പോയി ഇന്‍ഡ്യ മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് യാതൊരു ഉറപ്പുമില്ല, അതുകൊണ്ട് തങ്ങള്‍ ഇത്തവണ യുഡിഎഫിന് പിന്തുണ നല്‍കുമെന്നുള്‍പ്പടെയുള്ള പ്രസ്താവനകളാണ് കാന്തപുരത്തിന്റെ പേരില്‍ പ്രചരിച്ചത്. റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ടതുമായി ബന്ധപ്പെട്ടും അദ്ദേഹത്തിന്റെ പേരില്‍ വ്യാജപ്രചരണമുണ്ടായിരുന്നു. ഇതിനെതിരെയാണ് കാന്തപുരം രംഗത്തെത്തിയത്.
വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണരൂപം:
ആസന്നമായ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി വ്യാജ അറിയിപ്പുകളും പ്രസ്താവനകളും നിലപാടുകളും വരുന്നതായി ശ്രദ്ധയില്‍ പെട്ടു. അതുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അവ തികച്ചും വ്യാജമാണെന്നും കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു.
പ്രസ്ഥാന ബന്ധുക്കളും പൊതു സമൂഹവും ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്. വ്യാജ വാര്‍ത്തയുടെ ഉറവിടം കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.