India

ഏക സിവില്‍കോഡില്‍ മോദി കുരുക്കില്‍; പിന്തുണയ്ക്കാന്‍ കഴിയാതെ സഖ്യകക്ഷികളും

Posted on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തോടെ ഏകസിവില്‍കോഡ് വീണ്ടും ചര്‍ച്ചയാവുകയാണ്. ഏകസിവില്‍കോഡ് നടപ്പാക്കും എന്നാണ് മോദി പ്രസംഗത്തില്‍ പറഞ്ഞത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിലെ മൂന്നാമത്തെ പ്രധാന അജന്‍ഡയാണിത്‌. അയോധ്യ രാമക്ഷേത്രനിര്‍മാണം, ജമ്മു-കശ്മീരിന് പ്രത്യേക പദവിനല്‍കുന്ന 370-ാം അനുച്ഛേദം റദ്ദാക്കല്‍ എന്നിവ നടപ്പാക്കിയതിനാല്‍ ഏകസിവില്‍കോഡാണ് മോദിക്ക് മുന്നിലുള്ളത്. പക്ഷെ മുന്നോട്ടുപോകുന്തോറും അഴിച്ചുമാറ്റാന്‍ കഴിയാത്ത കുരുക്കായി ഏകസിവില്‍കോഡ് മാറുകയാണ്.

ലോകസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ല. ലോകസഭയില്‍ ബില്ല് പാസാകണം എങ്കില്‍ ടിഡിപി, ജെഡിയു, എല്‍ജെപി പാര്‍ട്ടികളുടെ പിന്തുണ വേണം. ഈ മൂന്ന് പാര്‍ട്ടികളും എന്‍ഡിഎയുടെ ഭാഗമാണെങ്കിലും ഇവരെല്ലാം തന്നെ മുസ്‌ലിം വോട്ടുബാങ്കിന്‍റെ പിന്തുണ തേടുന്നവരാണ്. ആന്ധ്ര മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായ സംസ്ഥാനമാണ്. മുസ്‌ലിം വിഭാഗങ്ങളെ പിണക്കി ഒരു തീരുമാനമെടുക്കല്‍ ആന്ധ്രയില്‍ നായിഡുവിന് എളുപ്പമല്ല. വഖഫ് നിയമഭേദഗതിയില്‍ കടുത്ത എതിര്‍പ്പാണ് മുസ്‌ലിം സംഘടനകള്‍ക്കുള്ളത്. ഇതിന് പിന്നാലെയാണ് ഏക സിവില്‍കോഡ് കൂടി എത്തുന്നത്.

മുസ്‌ലിം വിഭാഗങ്ങളുടെ താത്പര്യം ഉറപ്പാക്കുംവിധമുള്ള തീരുമാനം വേണമെന്ന് ടിഡിപി നേതാക്കള്‍ ആവശ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ചര്‍ച്ചകളിലൂടെ സമവായം വേണം എന്നാണ് ജെഡിയു നേതാവ് കെ.സി.ത്യാഗി പറഞ്ഞത്. എല്‍ജെപിയും ഇതേ നിലപാടില്‍ തുടരുകയാണ്. അതുകൊണ്ട് തന്നെ സിവില്‍കോഡുമായി മുന്നോട്ടുപോകാന്‍ മോദിക്ക് മുന്‍പില്‍ കടമ്പകള്‍ ഏറെയാണ്‌. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏകസിവില്‍കോഡ് നടപ്പിലാക്കാനാണ് പാര്‍ട്ടി തീരുമാനം. ഉത്തരാഖണ്ഡില്‍ ഒക്ടോബര്‍ മുതല്‍ നടപ്പാക്കാനൊരുങ്ങുകയാണ്. ഇതിനിടയില്‍ തന്നെയാണ് തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് മോദി പറഞ്ഞത്.

ഭൂമി, സ്വത്തുക്കള്‍, വിവാഹം, വിവാഹമോചനം,പിന്തുടര്‍ച്ചാവകാശം എന്നിവയില്‍ എല്ലാ പൗരന്മാര്‍ക്കും ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന നിയമമാണ് ഏക സിവില്‍ കോഡ്. ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമായാണ് ഏക സിവില്‍കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version