Kerala
സംസ്ഥാനത്തെ മഴക്കെടുതി; പ്രതിപക്ഷ നേതാവിന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വിദേശ യാത്ര റദ്ദാക്കി. സംസ്ഥാനത്ത് കനത്ത മഴ തുടരുകയും മഴക്കെടുതി രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് വി ഡി സതീശന്റെ രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനം റദ്ദാക്കിയത്. ഇന്ന് വൈകിട്ട് കൊച്ചിയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലായിരുന്നു പ്രതിപക്ഷ നേതാവ് പുറപ്പെടേണ്ടിയിരുന്നത്.
എറണാകുളം ജില്ലയിലും പറവൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലും വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് യാത്ര റദ്ദാക്കിയത്. അടുത്ത രണ്ട് ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് പറവൂരിലും എറണാകുളം ജില്ലയിലുമായി തുടരും.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴയാണ് ഇപ്പോള്‍ കേരളത്തില്‍ ലഭിക്കുന്നതെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു.
കാലവര്‍ഷം സ്ഥിരീകരിക്കണമെങ്കില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാകണം. മൂന്നു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. കാലവര്‍ഷക്കാറ്റുകള്‍ക്കൊപ്പം തെക്കന്‍ തമിഴ്‌നാട് തീരത്തുള്ള ചക്രവാതചുഴിയും മഴയ്ക്ക് കാരണമാകുന്നുണ്ട്. ചെറിയ സമയം കൊണ്ട് കൂടുതല്‍ മഴ ലഭിക്കുന്ന പ്രതിഭാസത്തിനാണ് സംസ്ഥാനത്ത് സാധ്യത. മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രണയങ്ങളും പ്രതീക്ഷിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.