Kerala

ഞൊണ്ടിമുക്ക് ജംഗ്ഷൻ ഇനിയില്ല; പ്രഖ്യാപനവുമായി യു പ്രതിഭ എംഎൽഎ

Posted on

അമ്പലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ അമ്പലപ്പുഴ ജംഗ്ഷന് 3 കിലോമീറ്റർ കിഴക്കുള്ള ഞൊണ്ടിമുക്ക് എന്ന സ്ഥലപ്പേര് ഇനി പഴങ്കഥയാവും. നിയമസഭാ സമിതിയുടെ നിർദേശപ്രകാരമാണ് സ്ഥലപ്പേര് മാറ്റാൻ തീരുമാനിച്ചത്. സ്ത്രീകളുടെയും ട്രാൻസ്ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച് കളക്ടറേറ്റിൽ ചേർന്ന നിയമസഭാസമിതി യോഗത്തിലാണ് സമിതി ചെയർപേഴ്സൺ യു പ്രതിഭ എംഎൽഎ ഇക്കാര്യം അറിയിച്ചത്.

ഡി എ ഡബ്ല്യു എഫ് ഭാരവാഹി ഹരികുമാർ നൽകിയ പരാതിയിലാണ് തീരുമാനമായത്. വർഷങ്ങൾക്ക് മുൻപ് ഇവിടെ നാരായണൻ എന്ന ഭിന്നശേഷിക്കാരൻ പലചരക്കു കട നടത്തിയിരുന്നു. ഭിന്നശേഷിക്കാരെ നാട്ടുഭാഷയിൽ വിളിച്ചിരുന്ന ‘ഞൊണ്ടി’ എന്ന പേര് പിന്നീട് ഇവിടുത്തെ സ്ഥലപ്പേരായി മാറുകയായിരുന്നു. ഇന്ന് പ്രസിദ്ധമായ ഒരു സ്ഥലപ്പേരാണ് ഞൊണ്ടിമുക്ക്. കെഎസ്ആർടിസി ബസിനും ഇവിടെ സ്റ്റോപ്പുണ്ട്. സർക്കാർ തലത്തിൽ പേര് മാറ്റിയാലും വർഷങ്ങളായി ഉപയോഗിക്കുന്ന ഞൊണ്ടിമുക്ക് എന്ന പേരിൽ തന്നെ സ്ഥലം അറിയപ്പെടുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

എസ്എൻഡിപി ഗുരുമന്ദിരം ജംഗ്ഷനിൽ പ്രവർത്തിക്കുന്നതിനാൽ ഈ സ്ഥലപ്പേര് ഇനി ഗുരുമന്ദിരം ജംഗ്ഷനാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. പത്തോളം കടകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ ബോർഡുകളിലെല്ലാം എഴുതിയിരിക്കുന്ന ഞൊണ്ടിമുക്ക് എന്ന പേരും ഇനി മാറ്റിയെഴുതണം. ഇതുൾപ്പെടെ ജില്ലയിലെ വികലാംഗ സംരക്ഷണ സദനം, വൃദ്ധസദനം എന്നിവയുടെയും ബോർഡുകൾ രണ്ടാഴ്ചക്കകം മാറ്റി സ്ഥാപിക്കുന്നതിനും ഇവ മാറ്റിയതിന്റെ ചിത്രം സമിതിക്ക് അയച്ചു നൽകുന്നതിനും സമിതി ചെയർപേഴ്സൺ കൂടിയായ യു പ്രതിഭ നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version