തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ ന്യായീകരിച്ച് മന്ത്രി വി ശിവൻകുട്ടി. മുൻ വർഷത്തെ അപേക്ഷിച്ച് നഗരത്തിൽ വെള്ളക്കെട്ട് കുറഞ്ഞുവെന്നും ഇപ്പോഴുള്ള പ്രശ്നങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. സ്മാർട്ട് സിറ്റി റോഡുകളുടെ നിർമാണം അടുത്തമാസം 15നകം പൂർത്തിയാക്കുമെന്നും മേയറും എംഎൽഎമാരും പങ്കെടുത്ത അവലോകന യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. മാർച്ച് 31നകം റോഡ് നിർമാണം പൂർത്തീകരിക്കുമെന്നായിരുന്ന മന്ത്രി മുഹമ്മദ്‌റിയാസിന്റെ പ്രഖ്യാപനം നടപ്പായിരുന്നില്ല. പൊതുജനങ്ങളെ ആകെ വലച്ച മഴ ദുരിതത്തിൽ സർക്കാരിന് പങ്കില്ല എന്നാണ് ഇന്ന് ചേർന്ന അവലോകന യോഗത്തിലെ വിലയിരുത്തൽ. കുഴിയുള്ള ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും തീരുമാനമായി.
മഴക്കാല പൂർവ ശുചീകരണത്തിലും ഒരുക്കങ്ങളിലും തിരുവനന്തപുരം നഗരസഭയ്ക്കോ, സർക്കാരിനോ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും നഗരത്തിലെ വെള്ളക്കെട്ടും മഴദുരിതങ്ങളും രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. തിരുവന്തപുരത്ത് ചേർന്ന അവലോകന യോഗത്തിൽ യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, വി.കെ. പ്രശാന്ത്, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എന്നിവർ പങ്കെടുത്തു.