Kerala
തിരുവനന്തപുരം ചാക്കയില്‍ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതില്‍ നിര്‍ണായക സൂചന പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയില്‍ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതില്‍ നിര്‍ണായക സൂചന പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. കേസില്‍ വഴിത്തിരിവാകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. അറപ്പുര റസിഡന്‍സ് അസോസിയേഷന്‍ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളിലാണ് പ്രതികളിലേക്ക് വെളിച്ചം വീശുന്ന തുമ്പ് ലഭിച്ചത്.
കുട്ടിയെ ഉപേക്ഷിക്കാനെത്തിയത് ചാക്ക ഭാഗത്തു നിന്നാണെന്നാണ് സൂചന. വൈകീട്ട് അഞ്ചിനും ആറരയ്ക്കും ഇടയിലുള്ള ദൃശ്യങ്ങളിലാണ് നിര്‍ണായക സൂചനകളുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. കുട്ടിയേയും കൊണ്ട് ഒരു സ്ത്രീ റസിഡന്‍സ് അസോസിയേഷന്‍ ഓഫീസിന് സമീപത്തു നിന്നും റെയില്‍വേ ട്രാക്കിന്റെ ഭാഗത്തേക്ക് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
റെയില്‍വേ ട്രാക്കില്‍ നിന്നും കുറച്ചു മാറി പൊന്തക്കാടിന് ഉള്ളില്‍ കുട്ടിയെ കൊണ്ടു വന്ന് ഉപേക്ഷിക്കുകയാണെന്നാണ് പൊലീസിന്റെ നിഗമനം. കുട്ടി റെയില്‍വേ ട്രാക്കിലേക്ക് കടന്നു വന്നേക്കാം എന്നതാകാം പൊന്തക്കാടിനുള്ളില്‍ ഉപേക്ഷിക്കാന്‍ കാരണമെന്നും പൊലീസ് വിലയിരുത്തുന്നു. ബിഹാര്‍ നാടോടി ദമ്പതികളുടെ രണ്ടു വയസ്സുള്ള മകളെയാണ് ഞായറാഴ്ച രാത്രി 12 മണിയോടെ കാണാതാകുന്നത്. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് കുട്ടിയെ കണ്ടെത്തുന്നത്.