തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ സ്ഥാനാര്‍ഥിയാക്കണമെന്ന്, ബിജെപി കേന്ദ്ര നേതൃത്വം നടത്തിയ ആഭ്യന്തര സര്‍വേയില്‍ സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട്. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്ഥാനാര്‍ഥിയാവുന്നതിനോട് പ്രവര്‍ത്തകര്‍ക്കു താത്പര്യമില്ലെന്നും ഇക്കാര്യം അവര്‍ നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
തിരുവനന്തപുരത്ത് ശശി തരൂരിനെപ്പോലെ ഒരാളെ നേരിടാന്‍ നിര്‍മലയെപ്പോലെ ഒരാള്‍ക്കേ കഴിയൂവെന്നാണ് സര്‍വേയില്‍ സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടത്. സംസ്ഥാന ഭാരവാഹികളും തിരുവനനന്തപുരത്തു നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുമാണ് സര്‍വേയില്‍ അഭിപ്രായം അറിയിച്ചത്. കേന്ദ്ര മന്ത്രി വി മുരളീധരന്‍, നടന്‍ സുരേഷ് ഗോപി, മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ തുടങ്ങിയവരുടെ പേരുകളും ചിലര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നടന്‍ മോഹന്‍ലാല്‍, ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് എന്നീ പേരുകളും സര്‍വേയില്‍ നിര്‍ദേശിക്കപ്പെട്ടു.