Crime

പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

Posted on

അയിരൂപ്പാറ: പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. ക്ലാസിലുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. തിരുവനന്തപുരം അയിരൂപ്പാറ ഹയർ സെക്കൻററി സ്കൂളിലെ വിദ്യാർത്ഥികൾ ആണ് ആക്രമണം നടത്തിയത്. സ്കൂള്‍ കഴിഞ്ഞ് പോകുന്നതിനിടെയാണ് വിദ്യാർത്ഥിയെ സംഘം ചേർന്ന് സഹപാഠികൾ തല്ലിച്ചതച്ചത്. സംഭവത്തിൽ കുട്ടിയുടെ മാതാവിന്റെ പരാതിയിൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു.

കഴിഞ്ഞ മാസം 13ന് നടന്ന മർദ്ദനത്തിൻെറ ദൃശ്യങ്ങള്‍ കഴി‌ഞ്ഞ ദിവസമാണ് കുട്ടിയുടെ അമ്മക്ക് ലഭിച്ചത്. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ക്ലാസിലുണ്ടായ തർക്കത്തെ തുടർന്നാണ് അതിക്രമം നടന്നത്. തർക്കം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ഒരു സംഘം വിദ്യാർത്ഥികള്‍ ചേർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിയെ പരസ്യമായി വിചാരണ ചെയ്ത് മർദ്ദിക്കുകയായിരുന്നു. സ്കൂളിന് പുറകിൽ വച്ചായിരുന്നു മർദ്ദനം.

സംഭവം കണ്ട് നിന്നവർ പകർത്തിയ ദൃശ്യം ചില വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചപ്പോഴാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ട്യൂഷൻ കഴിഞ്ഞ് പോകുംവഴിയുള്ള മർദ്ദനം വീണ്ടും ആക്രമിക്കപ്പെടുമോയെന്നുള്ള ഭയം മൂലം കുട്ടി വീട്ടിലറിയിച്ചില്ല. കുട്ടിക്ക് അസുഖങ്ങൾ വന്നിരുന്നു അത് സംബന്ധിച്ച ബുദ്ധിമുട്ടാണ് കുട്ടിക്ക് ഉള്ളതെന്നാണ് വീട്ടുകാർ കരുതിയതെന്നാണ് അമ്മ ബിന്ദു പറയുന്നത്. വീഡിയോ കണ്ടപ്പോഴാണ് മകൻ നേരിട്ട ആക്രമണം മനസിലാക്കുന്നതെന്നും അമ്മ പറയുന്നു.

കുട്ടിയുടെ അമ്മയുടെ പരാതിയിൽ മ‍ർദ്ദിച്ചവർക്കെതിരെ കേസെടുത്തു. കുട്ടികളെയും രക്ഷിതാക്കളെയും പൊലീസ് വിളിച്ചുവരുത്തും. സ്കൂള്‍ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version