തിരുവനന്തപുരം : നഗരസഭയിലെ വെള്ളാർ വാർഡിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് തിരുവല്ലം സോണൽ ഓഫീസിൽ ബി ജെ പി തിരുവല്ലം ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണയിൽ സംഘർഷമുണ്ടായി. ഇടതു -ബി.ജെ.പി പ്രവർത്തകർ തമ്മിൽ വാക്കേറ്റവും പൊലീസുമായി ഉന്തും തള്ളും നടന്നു. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. ഇന്നലെ രാവിലെ 10 ഓടെയായിരുന്നു സംഭവം.
വെള്ളാർ വാർഡിലെ വോട്ടർ പട്ടികയിൽ എൽ ഡി എഫിന്റെ നേതൃത്വത്തിൽ അർഹതയില്ലാത്തവരുടെ പേരുകൾ ഹിയറിങ് ഇല്ലാതെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ ചേർക്കുകയാണ് എന്ന് ആരോപിച്ചാണ് ബി ജെ പി നഗരസഭയുടെ തിരുവല്ലം സോണൽ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തിയത്. ഇതിനിടെ സോണൽ ഓഫീസിലേക്ക് തള്ളിക്കയറാൻ ബി ജെ പി പ്രവർത്തകർ ശ്രമിച്ചത്
പൊലീസ് തടഞ്ഞതാണ് ഉന്തിലും തള്ളിലും കലാശിച്ചത്.
കയ്യാങ്കളിക്കിടയിൽ ഒരു ബി.ജെ.പി കൗൺസിലർ നിലത്ത് വീണു. സംഘർഷ സാധ്യത വർധിച്ചതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. വോട്ടര്‍പട്ടികയിൽ പേര് ചേർക്കാനുള്ള അപേക്ഷകളിൽ ക്രമാതീതമായ വര്‍ധനവ് ആശങ്ക ഉണ്ടാക്കുന്നതാണെന്നും ബി ജെ പി നേതാക്കൾ പറഞ്ഞു. വെള്ളാര്‍ വാര്‍ഡില്‍ ഏകദേശം 620 അപേക്ഷകള്‍ ഇത്തരത്തില്‍ പുതുതായി വന്നിട്ടുണ്ടെന്നും സമീപ വാർഡുകളിലുള്ളവരാണ് ഇതിൽ അധികം കടന്നു കൂടിയിരിക്കുന്നതെന്നും വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തിലെടുത്ത് രേഖകൾ കൃത്യമായി പരിശോധിച്ച് യഥാര്‍ത്ഥ അപേക്ഷകള്‍ മാത്രം സ്വീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രതിഷേ ധക്കാർ ആവശ്യപ്പെട്ടു.