Kerala
വളർത്തുനായയെ ഉപദ്രവിച്ചത് തടഞ്ഞ യുവതിക്ക് വീടുകയറി മർദ്ദനം, ഭീഷണി; മൂന്ന് പേർ പിടിയിൽ
തിരുവനന്തപുരം: തന്റെ വളർത്തുനായയെ ഉപദ്രവിക്കുന്നുവെന്ന് പൊലീസിൽ അറിയിച്ചതിന് യുവതിക്ക് നേരെ മർദ്ദനം. നായയെ ഉപദ്രവിക്കുന്നത് തടയുകയും അക്കാര്യം പൊലീസിൽ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തതിന് തന്നെ മൂന്നംഗ സംഘം മർദ്ദിച്ചുവെന്ന പരാതിയുമായി മിനിമോൾ ആണ് രംഗത്തെത്തിയിരിക്കുന്നത്. മൂന്നംഗ സംഘം വീട്ടിൽ കയറിയാണ് ഇവരെ മർദ്ദിച്ചത്.
പോത്തൻകോട് പൊലീസ് സ്റ്റേഷന്റെ പരാതിയിലാണ് സംഭവം നടന്നത്. മിനിമോളുടെ പരാതിയിൽ അയൽവാസിയായ ശ്രീകാന്ത്, ഇയാളുടെ സുഹൃത്തുക്കളായ വിജേഷ് ബാബു, സിബി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. തന്റെ വളർത്തുനായയുടെ കഴുത്തിൽ ശ്രീകാന്ത് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. വീട്ടിലെത്തിയ മൂന്നംഗ സംഘം മിനിയുടെ മുഖത്തടിച്ചു. ഇക്കാര്യം പരാതിപ്പെട്ടാൽ വീടിന് നേരെ ബോംബെറിയുമെന്നും ഇവർ ഭീഷണിപ്പെടുത്തി.