തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ കുളത്തില്‍ കുളിച്ച യുവാക്കള്‍ക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം. ഒരു യുവാവ് മരിച്ചു. ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് പേര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. കണ്ണറവിള പൂതംകോട് സ്വദേശി അഖില്‍ (27) കഴിഞ്ഞ 23ന് ആണ് മരിച്ചത്. തലച്ചോറിലെ അണുബാധയാണ് മരണ കാരണം. എന്നാല്‍ സുഹൃത്തുക്കള്‍ക്കും സമാനമായ ലക്ഷങ്ങള്‍ കണ്ടതോടെയാണ് പരിശോധന നടത്തിയത്.
അതിയന്നൂര്‍ പഞ്ചായത്തിലെ കണ്ണറവിളയ്ക്കു സമീപത്തെ കാവിന്‍കുളത്താണ് അഖിലും സുഹൃത്തുക്കളും കുളിച്ചത്. ഇത് കഴിഞ്ഞ പത്ത് ദിവസം കഴിഞ്ഞതോടെ രോഗലക്ഷങ്ങള്‍ പ്രകടമായി. യുവാവു മരിച്ചതിനു പിന്നാലെ ഇതേ കുളത്തില്‍ ഇറങ്ങിയ നാലുപേര്‍ക്കു കൂടി കടുത്ത പനി ബാധിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരില്‍ ഒരാള്‍ക്കു മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മരിച്ച അഖില്‍ ആദ്യം വീടിനു സമീപത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. 10 വര്‍ഷം മുന്‍പു മരത്തില്‍നിന്നു വീണ് അഖിലിനു തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. അന്ന് കോലഞ്ചേരി മലങ്കര മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമാണോ തലവേദന എന്നറിയാന്‍ കോലഞ്ചേരിയിലും ചികിത്സ തേടിയിരുന്നു. എന്നാല്‍ അണുബാധയാണെന്ന് കണ്ടെത്തിയതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സക്കിടെ മരിക്കുകയായിരുന്നു.
അഖിലിന്റെ മരണ ശേഷമാണ് സുഹൃത്തുക്കള്‍ക്കം സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടമായത്. പ്ലാവറത്തലയില്‍ അനീഷ്(26), പൂതംകോട് സ്വദേശി അച്ചു(25), പൂതംകോടിനു സമീപം ഹരീഷ് (27),ബോധിനഗര്‍ ധനുഷ് (26) എന്നിവരാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ അനീഷിന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യവകുപ്പ് കുളത്തിലെ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനക്കായി എടുത്തിട്ടുണ്ട്. കുളത്തില്‍ ഇറങ്ങുന്നതു കര്‍ശനമായി വിലക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് രണ്ട് കുട്ടികളും രോഗം ബാധിച്ച് ചികിത്സയിലാണ്.