തിരുവനന്തപുരം: മൃഗശാലയിലുണ്ടായിരുന്ന രണ്ട് ഗ്രീൻ അനാക്കോണ്ടകളിൽ ഒന്ന് ചത്തു. 13 വയസ്സുള്ള ആൺ അനാക്കോണ്ട ‘ദിൽ’ ആണ് ചത്തത്. വാലിനോട് ചേർന്ന് മുഴയുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു ദിൽ. 49 കിലോ ഭാരവും 3.9 മീറ്റർ നീളവുമുണ്ടായിരുന്നു അനാക്കോണ്ടയ്ക്ക്. വ്യാഴാഴ്ച വൈകിട്ടോടെ അവശനിലയിലായ പാമ്പിന് അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. സാധാരണ 10 വയസ്സു വരെയാണ് അനാക്കോണ്ടകളുടെ ആയുസ്. മൃഗശാലപോലെയുള്ള പ്രത്യേക പരിചരണം ലഭിക്കുന്ന ഇടങ്ങളിൽ കൂടുതൽ വർഷം ജീവിക്കാറുണ്ട്.
പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം അവിടെത്തന്നെയുള്ള കാർക്കസ് ഡിസ്പോസൽ പിറ്റിൽ ദില്ലിനെ അടക്കം ചെയ്തു. 2014 ഏപ്രിലിൽ ശ്രീലങ്കയിലെ സുവോളജിക്കൽ പാർക്കിൽ നിന്നാണ് ദിൽ അടക്കം ഏഴ് ഗ്രീൻ അനാക്കോണ്ടകളെ തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്. അന്ന് ദില്ലിന് രണ്ടര വയസ്സായിരുന്നു.