Kerala

അമ്മതൊട്ടിലില്‍ കുഞ്ഞിനെ ഉപേക്ഷിച്ചു; അതിഥിക്ക് ‘മഴ’ എന്ന് പേര്

Posted on

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നാഴ്ച പ്രായം തോന്നിക്കുന്ന കുഞ്ഞിനെ ലഭിച്ചു. 3.14 കിലോഗ്രാം ഭാരവുമുള്ള പെണ്‍കുഞ്ഞിനെ സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റി. മഴ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്

ദത്തെടുക്കല്‍ കേന്ദ്രത്തില്‍ സന്ദേശം എത്തിയ ഉടന്‍തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സും ആയമാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ച കുഞ്ഞ് ആരോഗ്യ പരിശോധനകള്‍ക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയില്‍ എത്തിച്ചു. പൂര്‍ണ്ണ ആരോഗ്യവതിയായ കുരുന്ന് സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പരിചരണയിലാണ്.

2002 നവംബര്‍ 14-ന് തിരുവനന്തപുരത്ത് അമ്മത്തൊട്ടില്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം ലഭിക്കുന്ന 599-ാമത്തെ കുരുന്നാണ് ‘മഴ’. കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ തിരുവനന്തപുരത്ത് അമ്മത്തൊട്ടില്‍ വഴി ലഭിക്കുന്ന 13-ാമത്തെ കുട്ടിയും 4-ാമത്തെ പെണ്‍കുഞ്ഞുമാണ്. 2024-ല്‍ ഇതുവരെ 25 കുഞ്ഞുങ്ങളാണ് അനാഥത്വത്തില്‍ നിന്ന് സനാഥത്വത്തിലേക്ക് പുതിയ മാതാപിതാക്കളുടെ കൈയ്യും പിടിച്ച് സമിതിയില്‍ നിന്ന് യാത്രയായത്.

കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version