നേമം (തിരുവനന്തപുരം): നിയന്ത്രണം വിട്ട കാര്‍ സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു. പ്രാവച്ചമ്പലം മൊട്ടമൂട് സ്വാതി ലൈനില്‍ കൈതൂര്‍കോണം തടത്തരികത്ത് വീട്ടില്‍ സൂസന്‍ (31) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മകന് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം.
നരുവാമൂട്ടില്‍ താമസിക്കുന്ന അമ്മയെ വീട്ടിലെത്തിച്ച ശേഷം സ്കൂട്ടറിൽ മടങ്ങുകയായിരുന്നു സൂസനും മകന്‍ ഷാരോണും. വീട്ടിലേയ്ക്ക് തിരിയുന്ന വഴിയില്‍ പ്രാവച്ചമ്പലം ഭാഗത്തുനിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് ഇവരുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കാറിനടിയിലേയ്ക്ക് വീണ സൂസന്‍ തത്ക്ഷണം മരിച്ചു.
സ്‌കൂട്ടറിന് പിന്നില്‍ ഇരിക്കുകയായിരുന്ന ഏഴുവയസുകാരന്‍ ഷാരോണ്‍ ഇടിയുടെ ആഘാതത്തില്‍ മറുഭാഗത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. ഷാരോണിനും സാരമായ പരിക്കേറ്റിട്ടുണ്ട്. കാറില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കുണ്ട്. മൊബൈല്‍ ഷോപ്പ് ജീവനക്കാരിയായിരുന്നു സൂസന്‍. ഭര്‍ത്താവ്: നിഖില്‍.