തിരുവനന്തപുരം: തിരുവനന്തപുരത്ത് നാല് ദിവസമായി തുടരുന്ന ജല വിതരണ പ്രശ്‌നത്തില്‍ ജല അതോറിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി കെ പ്രശാന്ത് എംഎല്‍എ. കൃത്യമായ പിഴവ് ജല അതോറിറ്റി ഉദ്യോഗസ്ഥന്മാര്‍ക്കുണ്ടായിട്ടുണ്ടെന്നും മന്ത്രിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജല അതോറിറ്റി നഗരസഭയ്ക്ക് കൃത്യമായ അറിയിപ്പ് നല്‍കിയില്ലെന്നും പ്രശാന്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
‘ഗുരുതരമായ ബുദ്ധിമുട്ടാണുണ്ടായത്. ഫോണ്‍ വിളിക്കുന്നവരുടെ നമ്പര്‍ കുറിച്ചെടുത്ത് ടാങ്കറുകളെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി വി ശിവന്‍ കുട്ടി നടത്തിയ യോഗത്തില്‍ കാര്യങ്ങള്‍ കൃത്യമായി അറിയിച്ചിട്ടുണ്ട്. അനാസ്ഥ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അനാസ്ഥയ്‌ക്കെതിരെ യോഗത്തില്‍ കൃത്യമായി പറഞ്ഞു.
തിരുവനന്തപുരം പോലുള്ള വലിയ നഗരത്തില്‍ ജല വിതരണത്തിന് അനുഭവസ്ഥരായ ഉദ്യോഗസ്ഥരെ വെക്കണം. കൃത്യമായ ജാഗ്രതയുണ്ടാകണമായിരുന്നു. നേമത്ത് പണി നടക്കുമ്പോള്‍ നഗരത്തില്‍ മൊത്തം വെള്ളം മുട്ടിക്കേണ്ട സാഹചര്യമില്ല. രണ്ടോ മൂന്നോ വാല്‍വുകളടച്ച് അഞ്ചോ ആറോ വാര്‍ഡുകളില്‍ മാത്രം വെള്ളം മുടങ്ങുകയുള്ളു. നഗരം മുഴുവന്‍ കുടിവെള്ളം മുടങ്ങുന്ന സാഹചര്യമെങ്ങനെയുണ്ടായിയെന്ന് പരിശോധിക്കപ്പെടണം,’ എംഎല്‍എ പറഞ്ഞു.