അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിന് തിരിച്ചടി. ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് കോടതി സ്റ്റേ ചെയ്തു.
14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറൽ ജഡ്ജ് തുടർ നടപടികൾ സ്റ്റേ ചെയ്തത്. ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോൺ കോഗ്നോർ അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നടപടി.
വാഷിങ്ടൻ, അരിസോണ, ഇല്ലിനോയിസ്, ഒറിഗോൺ എന്നീ നാലു സംസ്ഥാനങ്ങളുടെ അഭ്യർഥന പ്രകാരം പരിഗണിച്ച കേസിലാണ് ട്രംപിൻ്റെ ഉത്തരവിന് കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചത്. നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ട്രംപിൻ്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ ജന്മാവകാശ പൗരത്വത്തിനും നിരോധനം ഏർപ്പെടുത്തിയത്.