ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ പ്രചാരണ പരിപാടിക്കിടെ വെടിവെപ്പ് നടന്നതിന്റെ അലയൊലികൾ അവസാനിക്കും മുമ്പ് റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷൻ സ്ഥലത്ത് ആയുധവുമായി ഒരാൾ അറസ്റ്റിൽ.
മാസ്ക് ധരിച്ചാണ് ഇയാൾ എത്തിയിരുന്നത്. എ കെ 47 തോക്കാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ഇയാളുടെ ബാഗിൽ സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായാണ് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. സംശയാസ്പദമായ നിലയിൽ കണ്ടതോടെയാണ് ഇയാളെ പൊലീസ് പരിശോധിച്ചത്. മാസ്ക് ധരിച്ചിരുന്ന ഇയാളുടെ പക്കൽ വലിയ ബാഗ് ഉണ്ടായിരുന്നു.ഇതിനിടെ മറ്റൊരു സംഭവത്തിൽ യുഎസ് പൊലീസിന്റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടിരുന്നു. രണ്ട് കത്തികളുമായി കൺവെൻഷന് സമീപത്ത് പ്രത്യക്ഷപ്പെട്ടയാളെയാണ് യുഎസ് പൊലീസ് വെടിവെച്ച് കൊന്നത്.
43 കാരനായ സാമുവൽ ഷാർപ്പാണ് വെടിയേറ്റ് മരിച്ചത്. ഇയാളുടെ രണ്ട് കൈകളിലും ഓരോ കത്തിയുണ്ടായിരുന്നു. നിരായുധനായ ഒരാൾക്ക് നേരെ ഷാർപ്പ് ആക്രമണം നടത്തിയതോടെയാണ് പൊലീസ് വെടിവെച്ചത്.