Health
പ്രായപൂർത്തിയാകാത്തവർക്ക് ലിംഗ മാറ്റ ശസ്ത്രക്രിയക്ക് നിയന്ത്രണമേർപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്‌ടണ്‍: പ്രായപൂർത്തിയാകാത്തവർക്ക് ലിംഗ മാറ്റ ശസ്ത്രക്രിയക്ക് നിയന്ത്രണമേർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ച് ട്രംപ് എക്സിക്യൂട്ടീവ് ഓർഡറില്‍ ചൊവ്വാഴ്ച ഒപ്പുവെച്ചു. ട്രാൻസ്ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കുമെന്ന വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് പുതിയ ഉത്തരവ്. ആണും പെണ്ണും എന്ന ജെൻഡർ മാത്രമെ ഇനി യുഎസില്‍ ഉണ്ടാകൂവെന്നും സ്ത്രീയും പുരുഷനുമെന്ന രണ്ടു ജെന്‍ഡര്‍ മാത്രമെന്നത് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
എല്ലാതരത്തിലുമുള്ള ലിംഗമാറ്റ ശസ്ത്രക്രിയയെ പ്രോത്സാഹിപ്പിക്കുകയോ ധനസഹായം നല്‍കുകയോ ചെയ്യരുതെന്നും ഇത് യുഎസ് സർക്കാരിന്റെ നിയമവ്യവസ്ഥയില്‍ ഉള്‍പ്പെട്ടതാണെന്നും ട്രംപ് വ്യക്തമാക്കി. രാജ്യത്ത് വൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികളും വന്ധീകരണങ്ങളുടെ എണ്ണവും കൂടുകയാണ്. ഇത്തരം അപകട സാഹചര്യങ്ങള്‍ തുടർന്നാല്‍ അത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെ കളങ്കപെടുത്തും. അതുകൊണ്ടുതന്നെ ഇത് അവസാനിപ്പിക്കേണ്ടതാണെന്നും ട്രംപ് പറഞ്ഞു.
ജീവിതത്തെ മാറ്റിമറിക്കുന്ന ഇത്തരം പ്രവർത്തികളെ നിയന്ത്രിക്കാൻ സർക്കാർ കർശന നടപടികള്‍ സ്വീകരിക്കും. കുട്ടികളില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനെതിരെ നിലവില്‍ യുഎസിന് ഔദ്യോഗിക നിയമമൊന്നുമില്ലെങ്കിലും ഇത് അവസാനിപ്പിക്കാൻ വേണ്ടി സംയുക്തമായി മുന്നോട്ട് പോകുമെന്നും ട്രംപ് പറഞ്ഞു. ജെൻഡർ മാറുന്നതിന് വേണ്ടിയുള്ള ശസ്ത്രക്രിയയ്ക്ക് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഇൻഷുറൻസ് പദ്ധതികള്‍ ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ ഒഴിവാക്കാനാണ് ട്രംപിന്റെ തീരുമാനം. ലിംഗമാറ്റം നടത്തുന്ന ഡോക്ടർമാർക്കെതിരെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരാതി നല്‍കുവാനുള്ള നിയമ സാധുതയുണ്ടാക്കാൻ കോണ്‍ഗ്രസിനൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.