തൃശൂർ: യുട്യൂബ് കണ്ട് സഹപാഠികളില്‍ ഹിപ്നോട്ടിസം പരീക്ഷിച്ച് പത്താം ക്ലാസുകാരൻ. പരീക്ഷണത്തിൽ നാല് വിദ്യാർഥികളെ ബോധരഹിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂർ പുല്ലൂറ്റിലെ ഒരു സ്കൂളിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ ഇടവേളയിലായിരുന്നു സംഭവം. യുട്യൂബ് നോക്കി പഠിച്ചായിരുന്നു വിദ്യാർഥിയുടെ ഹിപ്നോട്ടിസം പരീക്ഷണം.
ബോധരഹിതരായ വിദ്യാർഥികളെ വെള്ളം തളിച്ച് ഉണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തലകുനിച്ചു നിറുത്തി കഴുത്തിലെ ഞരമ്പിൽ പിടിച്ച് വലിച്ചായിരുന്നണ് ഹിപ്‌നോട്ടിസം നടത്തിയത്. ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമാണ് ബോധരഹിതരായി ആശുപത്രിയിലായത്.
തുടർന്ന് അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്നു താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകുന്നതിനിടെ ആദ്യം കൊണ്ടു പോയ മൂന്ന് പേർക്കും ബോധം തെളിഞ്ഞു. ഇസിജി പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.ഇതിന് പിന്നാലെ മറ്റൊരു കുട്ടി കൂടി ബോധരഹിതയായി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.