തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാരത് റൈസും ചർച്ചയാകുന്നു. പൊന്നിയരി കാണിച്ച് തൃശ്ശൂരുകാരെ കബളിപ്പിക്കാമെന്ന് ബിജെപി കരുതേണ്ടെന്ന് ടി എൻ പ്രതാപൻ എം പി പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള അരി വിതരണം ബിജെപിക്ക് തിരിച്ചടിയാകുമെന്നും പ്രതാപൻ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭാരത് റൈസ് വിതരണം തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ വ്യാപകമായി തുടരുകയാണ്. കേന്ദ്രസർക്കാർ നേരിട്ടാണ് നഗരഗ്രാമ കവലകൾ കേന്ദ്രീകരിച്ച് അരിയുടെയും പലവ്യഞ്ജന സാധനങ്ങളുടെയും കുറഞ്ഞ നിരക്കിലുള്ള വിൽപന നടത്തുന്നത്. നിലവിൽ തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ മാത്രമാണ് വിൽപന. ഇതിനെതിരെയാണ് ടി എൻ പ്രതാപൻ എംപി രംഗത്തെത്തിയത്. പാർലമെൻ്റ് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള അരി വിതരണം ബിജെപിക്ക് തിരിച്ചടിയാവുമെന്ന് പ്രതാപൻ പറഞ്ഞു. സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും വിതരണം ചെയ്യാതെ തൃശ്ശൂരിൽ മാത്രം ചെയ്യുന്നത് ജനങ്ങൾ തിരിച്ചറിയുമെന്നും പൊന്നിയരി കാണിച്ച് തൃശ്ശൂരുകാരെ പറ്റിക്കാമെന്ന് കരുതേണ്ട എന്നും പ്രതാപൻ പറഞ്ഞു.