Kerala
തൃശൂര്‍ മേയര്‍ക്ക് സുരേഷ് ഗോപിയോട് ആരാധന; പദവി ഒഴിയണമെന്ന് സിപിഐ
തൃശൂർ മേയർ എം.കെ.വർഗീസ് പദവി ഒഴിയണമെന്ന് സിപിഐ. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയെ പുകഴ്ത്തുന്നത് മേയർ തുടരുന്ന പശ്ചാത്തലത്തിലാണ് സിപിഐയുടെ ആവശ്യം. മേയര്‍ തിരുത്താൻ തയ്യാറാകണമെന്നും ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ആവശ്യപ്പെട്ടു.
“ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ സിപിഐ പരാജയത്തിന്റെ പിന്നില്‍ മേയറുടെ നിലപാട് ഒരു ഘടകമാണ്. ആ സമയത്ത് മേയര്‍ എടുത്ത നിലപാടിനോട് കടുത്ത വിയോജിപ്പുണ്ട്. ഇടതുപക്ഷ മേയര്‍ക്ക് സുരേഷ് ഗോപിയുടെ ആരാധന. അതുവഴി പ്രമോട്ട് ചെയ്യുന്നത് ബിജെപിയെയും. ഇത് ഗൗരവകരമായ സംഗതിയാണ്.” – വത്സരാജ് പറഞ്ഞു.
തൃശൂരില്‍ വി.എസ്.സുനില്‍ കുമാറിന്റെ പ്രചരണം മുന്നേറുമ്പോള്‍ മേയര്‍ സുരേഷ് ഗോപിയെ പുകഴ്ത്തിയത് വിവാദമായിരുന്നു. ഇതോടെ മൂന്ന് സ്ഥാനാര്‍ത്ഥികളും ഫിറ്റാണെന്ന് മേയര്‍ തിരുത്തി. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തില്‍ സിപിഐ തുടരുമ്പോള്‍ മേയറും സുരേഷ് ഗോപിയും വീണ്ടും കണ്ടുമുട്ടുകയും മേയര്‍ സുരേഷ് ഗോപിയെ വീണ്ടും പുകഴ്ത്തുകയും പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇടതുമുന്നണിയില്‍ എതിര്‍പ്പുയര്‍ന്നപ്പോള്‍ വികസന താത്പര്യമാണ് തന്റെതെന്ന് മേയര്‍ വീണ്ടും നിലപാട് എടുത്തിരുന്നു.