Crime
അയൽവാസി കത്രിക കൊണ്ട് നെഞ്ചിൽ കുത്തി; ചികിത്സയിലിരുന്ന യുവാവ് മരിച്ചു
തൃപ്പൂണിത്തുറ: മാനസികാസ്വാസ്‌ഥ്യമുള്ള അയൽവാസി കത്രിക കൊണ്ട് കുത്തി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിപ്പറമ്പ്കാവ് മണ്ടാനത്ത് വീട്ടിൽ താമസിക്കുന്ന സുന്ദരനാണ് (38) മരിച്ചത്. അയൽവാസിയായ കരകുളം വീട്ടിൽ മനോജ് (50) ഇപ്പോൾ റിമാൻഡിലാണ്. ഇയാൾക്ക് മാനസികാസ്വാസ്‌ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. തെങ്ങുകയറ്റം, മരം വെട്ട് ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുന്ന സുന്ദരൻ തമിഴ്നാട് സ്വദേശിയാണ്. കുടുംബത്തോടൊപ്പം 20 വർഷത്തിൽ ഏറെയായി തൃപ്പൂണിത്തുറ പള്ളിപ്പറമ്പ് കാവിലാണു താമസം.
കഴിഞ്ഞ ബുധൻ വൈകിട്ട് എട്ടിനായിരുന്നു സംഭവം. ഫോണിൽ വിളിച്ചു വീട്ടിലേക്ക് വരുത്തിയ ശേഷം പ്രതി കത്രിക കൊണ്ട് സുന്ദരന്റെ ഇടതു നെഞ്ചിൽ കുത്തുകയായിരുന്നു. കുത്തുകൊണ്ട് ഓടിയ സുന്ദരൻ വീട്ടുമുറ്റത്ത് കുഴഞ്ഞു വീഴുകയായിരുന്നു. താലൂക്ക് ആശുപത്രിയിലും തുടർന്ന് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് മരിച്ചത്. മൃതദേഹം എറണാകുളം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുകൾക്കു വിട്ടു നൽകും. ഭാര്യ: നന്ദിനി. മക്കൾ: ദീപ, ഗോപിക, സന്ദീപ്.