Kerala

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വിധി ഇന്ന്; കെ ബാബുവിന് നിർണായകം

Posted on

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിധി പറയും. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലെത്തി മൂന്ന് വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കേസിലെ വിധി. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ് എന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ പ്രധാന വാദം. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് എം സ്വരാജിന്റെ ഹര്‍ജിയിലെ ആവശ്യങ്ങള്‍.

2021ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ ബാബു വിജയിച്ചതും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് തോറ്റതും കേവലം 992 വോട്ടുകള്‍ക്കാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയം യുഡിഎഫ് പ്രചാരണ ആയുധമാക്കിയ തിരഞ്ഞെടുപ്പില്‍ കെ ബാബുവിന്റെ വിജയം ഹൈക്കോടതി കയറി. കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവും വിജയവും നിയമവിരുദ്ധമാണെന്ന് എം സ്വരാജ് വാദിക്കുന്നു. തിരഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ വിതരണം ചെയ്ത സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനൊപ്പം അയ്യപ്പന്റെ ഫോട്ടോയും വെച്ചു. കെ ബാബു തോറ്റാല്‍ അയ്യപ്പന്‍ തോല്‍ക്കുന്നതിന് തുല്യമാണെന്ന് യുഡിഎഫ് തൃപ്പൂണിത്തുറയില്‍ പ്രചാരണം നടത്തി. മതത്തെ ഉപയോഗിച്ച് പ്രചാരണം നടത്തിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും എം സ്വരാജ് പറയുന്നു. അയ്യപ്പന്റെ ചിത്രം പതിച്ച വോട്ടേഴ്‌സ് സ്ലിപ്പ് ഉള്‍പ്പടെയുള്ള പ്രചാരണ സാമഗ്രികളും എം സ്വരാജ് തെളിവായി ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version