കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനത്തിൽ നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി സ്ഫോടനത്തിൽ തകർന്ന വീടുകളുടെ ഉടമകൾ. സ്ഫോടനത്തിൽ എട്ട് വീടുകൾ പൂർണമായും തകരുകയും 40 വീടുകൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്തു. ഇതെല്ലാം പഴയപടിയാക്കാൻ സ്ഫോടനത്തിന്റെ ഉത്തരവാദികളായവർ പണം നൽകണമെന്നാണ് വീടിന്റെ ഉടമകൾ ആവശ്യപ്പെടുന്നത്. എന്നാൽ, സ്ഫോടനത്തിന്റെ പൂർണ ഉത്തരവാദിത്തം ക്ഷേത്രകമ്മറ്റിക്കാണെന്നും ക്ഷേത്രകമ്മറ്റിയാണ് നഷ്ടപരിഹാരം നൽകേണ്ടത് എന്നുമാണ് തൃപ്പൂണിത്തുറ നഗരസഭ കൗൺസിലർമാർ പറയുന്നത്.
ഒന്നരകിലോമീറ്ററോളം വ്യാപ്തിയിൽ നടന്ന ഉഗ്രസ്ഫോടനത്തിൽ ഒരു ഭാഗത്ത് മനുഷ്യജീവനുകൾ പൊലിഞ്ഞു. മറുഭാഗത്ത് വൻ നാശനഷ്ടം.പാവങ്ങൾ നുള്ളിപ്പെറുക്കിയും വായ്പയെടുത്തുമെല്ലാം നിർമിച്ച വീടുകളാണ് തകർന്നത്. ഒന്നോ രണ്ടോ അല്ല നാൽപതിലേറെ വീടുകൾക്ക് നാശനഷ്ടമുണ്ടെന്നാണ് പ്രാഥമിക കണക്ക്. അതിൽ ചുരുങ്ങിയത് എട്ടെണ്ണമെങ്കിലും പൂർണമായും ഉപയോഗശൂന്യമായി. വീട് നഷ്ടമായവരെ പുതിയകാവിലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ദുരിതാശ്വാസക്യാമ്പിന് സമാനമായ കാഴ്ച. രാത്രി ക്യാമ്പിൽ കിടന്ന് ഉറങ്ങാൻ സാധിക്കാത്തവരെയും ആരോഗ്യപ്രശ്നങ്ങൾ ഉള്ള പ്രായമായവരേയും ബന്ധുവീടുകളിലേക്കും മറ്റും മാറ്റി.
ഇതിനെല്ലാമിടയിൽ, കോടികണക്കിന് രൂപയുടെ നഷ്ടപരിഹാരം ആര് നൽകും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ബന്ധപ്പെട്ടവർ നഷ്ടപരിഹാരം നൽകണമെന്ന് വീട് നഷ്ടമായവർ ആവശ്യപ്പെടുന്നു. അമ്പലകമ്മറ്റിക്കാണ് പൂർണ ഉത്തരവാദിത്തമെന്ന് നഗരസഭാ കൗൺസിലർമാരടക്കം തറപ്പിച്ച് പറയുന്നു. വെടിക്കെട് നടക്കുന്ന മേഖലയിൽ ഇൻഷുറൻസ് എടുക്കണമെന്ന് ചട്ടമുണ്ട്. പുതിയകാവിൽ കരിമരുന്ന് പ്രയോഗം നടക്കുന്ന മൈതാനത്തിന് ചുറ്റും ഇൻഷുറൻസ് ഉണ്ടെന്നാണ് വിവരം. എന്നാൽ കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായ പ്രദേശം ഇൻഷുറൻസ് പരിധിക്ക് പുറത്താണ് താനും.