Kerala

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കുരുക്കായി സാമ്പത്തിക പ്രതിസന്ധി; 40998 ബില്ലുകള്‍ മടക്കി ധനവകുപ്പ്

Posted on

കോഴിക്കോട്: ട്രഷറിയില്‍ നിന്നും 40,998 ബില്ലുകള്‍ ധനവകുപ്പ് തിരിച്ചയച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനം സമര്‍പ്പിച്ച ബില്ലുകളാണ് മടങ്ങിയത്. 2023-24 വര്‍ഷത്തെ ബജറ്റ് വിഹിതവും പൂര്‍ണ്ണായി അനുവദിച്ചിട്ടില്ല. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ബില്ലുകള്‍ മടക്കിയതോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നഷ്ടം 1156 കോടി രൂപയാണ്. 1772 കോടി രൂപയാണ് 2023-24 വര്‍ഷത്തെ ബജറ്റ് വിഹിതം അനുവദിക്കാതിരുന്നതിലൂടെ നഷ്ടമായിരിക്കുന്നത്.

മെയിന്റനന്‍സ് ഗ്രാന്റിന്റെ അവസാന ഗഡുവായ 1215 കോടി രൂപയും ജനറല്‍ പര്‍പ്പസ് ഗ്രാന്റിലെ അവസാന മൂന്ന് ഗഡുക്കളായ 557 കോടി രൂപയും 2023-24 സാമ്പത്തിക വര്‍ഷം അനുവദിച്ചിട്ടില്ല. ഇത്തരത്തില്‍ ബജറ്റ് വിഹിതം അനുവദിക്കാത്ത സാഹചര്യം ഇതിന് മുമ്പുണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അനുവദിച്ച ബജറ്റ് വിഹിതം ഉപയോഗിക്കുന്നതില്‍ ധനവകുപ്പ് കുരുക്കിട്ടിരുന്നതായും പരാതിയുണ്ട്. അനുവദിച്ച ഫണ്ടില്‍ 487.8 കോടിയുടെ മെയിന്റനന്‍സ് ഗ്രാന്റ് ബില്ലുകളും 668.32 കോടി രൂപയുടെ വികസന ഫണ്ട് ബില്ലുകളും ട്രഷറിയില്‍ സ്വീകരിച്ച ശേഷം സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ കൂട്ടത്തോടെ തിരിച്ച് നല്‍കുകയാണുണ്ടായതെന്നാണ് പരാതി.

ട്രഷറിയില്‍ നിന്നും മടക്കിയ 40,998 ബില്ലുകളുടെ തുകയും കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടും വിതരണം ചെയ്യാത്ത അവസാന ഗഡുവും കൂടി കൂടുമ്പോള്‍ തദ്ദേശസ്വയം ഭരണം സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ടണ്ട 2928 കോടി രൂപയാണ് സര്‍ക്കാരിന്റെ കൈയ്യിലുള്ളത്. കഴിഞ്ഞ വര്‍ഷം പൂര്‍ത്തീകരിച്ച പദ്ധതികളുടെ മടങ്ങിയ ബില്ലിന്റെ തുക ഈ വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച വിഹിതത്തില്‍ നിന്നും നല്‍കേണ്ട സാഹചര്യമാണുള്ളത്. അതോടെ ഇത്തവണത്തെ ബജറ്റ് വിഹിതം കണക്കാക്കി തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങള്‍ തയ്യാറാക്കിയ പദ്ധതികള്‍ അവതാളത്തിലാകും. അടിസ്ഥാന സൗകര്യം വികസത്തിന് പുറമെ ലൈഫ് പദ്ധതി, പട്ടികജാതി-വര്‍ഗ്ഗ ക്ഷേമം തുടങ്ങി അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കായി ആസൂത്രണം ചെയ്ത പദ്ധതികളെയും ബാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version