വർക്കല: നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ അടിയിൽപെട്ട അഞ്ചുവയസ്സുകാരി അത്ഭുതകരമായി രക്ഷപെട്ടു. വർക്കല റയിൽവെ സ്റ്റേഷനിലാണ് ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കാരണം കുഞ്ഞ് രക്ഷപെട്ടത്. തിങ്കളാഴ്ച രാത്രി 8.45 ന് ജനശതാബ്ദി എക്സ്പ്രസ് വർക്കലയിൽ എത്തിയപ്പോഴാണ് സംഭവം.
മുത്തശ്ശിയും അമ്മയുമൊത്താണ് തിരുവനന്തപുരത്തേക്ക് പോകാൻ അഞ്ചു വയസ്സുകാരി തിങ്കളാഴ്ച രാത്രി 8.45 ന് വർക്കല റെയിൽവേ സ്റ്റേഷനിലെത്തിയത്. 2–ാം നമ്പർ പ്ലാറ്റ്ഫോമിൽ ജനശതാബ്ദി എക്സ്പ്രസ് നിർത്തിയിട്ടിരുന്നു. റിസർവേഷൻ ഉള്ള ട്രെയിനാണെന്നറിയാതെ എൻജിനടുത്തുള്ള കോച്ചിൽ കയറി. വിവരമറിഞ്ഞപ്പോൾ ഇവർ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നു ചാടി.
കുട്ടിയുടെ അമ്മ സുരക്ഷിതയായി പുറത്തു ചാടിയെങ്കിലും മുത്തശ്ശി കാൽ തെറ്റി പ്ലാറ്റ്ഫോമിൽ തലയടിച്ചു വീണു. ഇതിനിടെ കുട്ടി ട്രെയിനിന്റെ അടിയിൽ അകപ്പെട്ടു. എൻജിന്റെ വാതിലിനരികിൽ നിൽക്കുകയായിരുന്ന ലോക്കോ പൈലറ്റ് ബഹളം കേട്ട് ഉടൻ ട്രെയിൻ നിർത്തി. ഇതിനിടെ യാത്രക്കാർ ചേർന്ന് കുട്ടിയെ ട്രാക്കിൽനിന്നു പുറത്തെടുക്കുകയായിരുന്നു.