കൊച്ചി – വടകര യാത്രയ്‌ക്കിടെ ട്രെയിനിൽ നിന്ന് തെറിച്ചുവീണ ചോമ്പാല സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. കിഴക്കേ പുതിയപറമ്പത്ത് വിനായക് ദത്ത് (25) ആണ് ഇരിങ്ങാലക്കുട എത്തിയപ്പോൾ ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണത്. ഇയാൾക്ക് ചെറിയ രീതിയിൽ പരിക്കേറ്റിട്ടുണ്ട്.
ജനുവരി ഒന്നിനാണ് സംഭവം നടന്നതെങ്കിലും പുറംലോകം അറിയുന്നത് ഇപ്പോഴാണ്. എറണാകുളത്ത് നിന്നും സുഹൃത്തുക്കൾക്കൊപ്പം ന്യൂ ഇയർ ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ഇന്റർസിറ്റി എക്‌സ്‌പ്രസിലെ വലിയ തിരക്കുകാരണം ഡോറിനടുത്തിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഉറങ്ങിപ്പോയ വിനായക് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
ഒന്നും തിരിച്ചറിയാൻ സാധിക്കാതെ കണ്ണുതുറന്ന് നോക്കിയപ്പോൾ ട്രെയിൻ അതി വേഗത്തിൽ പോകുന്നതാണ് കണ്ടത്. എന്തോ പുറത്ത് വീണതായി യാത്രക്കാർ പറയുന്നതുകേട്ടാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ അന്വേഷിച്ചത്. തുടർന്ന് വിനായകിനെ ഫോണിൽ വിളിച്ചപ്പഴാണ് സംഭവമറിയുന്നത്.
പിന്നീട് റോഡിലെത്തി ഒരു ബൈക്കിന് കൈകാട്ടി വിളിച്ചു. സംഭവം പറഞ്ഞപ്പോൾ അവർ വിനായകിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചു. പുറംഭാഗത്തും തലയ്‌ക്കും പരിക്കേറ്റ വിനായകിനെ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം, മാഹി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.