ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്‌സ്പ്രസ് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി. ശനിയാഴ്ച പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം. സബര്‍മതി എക്‌സ്പ്രസിന്റെ 20ഓളം കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തില്‍ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ഝാന്‍സിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തു വച്ച് പാളം തെറ്റിയത്.
ട്രെയിനിന്റെ മുൻഭാഗം പാറക്കല്ലിൽ തട്ടിയതിനെ തുടര്‍ന്നാണ് പാളം തെറ്റിയതെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് പൊലീസും വ്യക്തമാക്കി. അഗ്നിശമന സേനാ വാഹനങ്ങളും ആംബുലന്‍സുകളും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
യാത്രക്കാരെ അടുത്ത സ്റ്റേഷനിലേക്കെത്തിക്കാന്‍ റെയില്‍വേ ബസുകള്‍ ഒരുക്കിയിട്ടുണ്ടെന്നും അവിടെ നിന്നും പ്രത്യേക ട്രെയിനില്‍ യാത്ര തുടരുമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഏഴ് ട്രെയിനുകൾ റദ്ദാക്കുകയും മൂന്നെണ്ണം വഴി തിരിച്ചുവിട്ടതായും റെയിൽവേ അറിയിച്ചു. സംഭവത്തിൽ ഇന്ത്യൻ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.