ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കാൺപൂരിലേക്ക് പോയ ട്രെയിനിൻ്റെ മുകളിൽ കിടന്ന് ഉറങ്ങിയ യുവാവ് പൊലീസ് പിടിയിൽ. 100 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനിന്റെ മുകളിൽ കിടന്നുറങ്ങിയ 30കാരനായ ദിലീപാണ് റെയിൽവേ പൊലീസിൻ്റെ പിടിയിലായത്. ഇയാൾ കിടന്ന സ്ഥലത്ത് നിന്ന് വെറും 5 അടി ഉയരം മാത്രമാണ് പതിനായിരം വോൾട്ട് ഇലക്ട്രിക് ലൈനുമായി ഉണ്ടായിരുന്നത്. ഭാഗ്യവശാൽ ഇലക്ട്രിക് ലൈനുമായി സമ്പർക്കം പുലർത്താതിരുന്നതിനാൽ തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്.
യുവാവ് മരിച്ചു കിടക്കുകയാണെന്നാണ് ആദ്യം പൊലീസ് കരുതിയത്. എന്നാൽ പിന്നീടാണ് ഇയാൾക്ക് ജീവനുണ്ടെന്നും ട്രെയിനിന് മുകളിൽ കിടന്നുറങ്ങുകയാണെന്നും പൊലീസിന് മനസ്സിലായത്. തുടർന്ന് റെയിൽവേ പൊലീസ് ട്രെയിനിൻ്റെ മുകളിൽ കയറി സ്റ്റേഷൻ പരിസരത്തെ ഓവർഹെഡ് ഇലക്‌ട്രിക് ലൈനുകൾ മുറിച്ചുമാറ്റി യുവാവിനെ താഴെയിറക്കുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
റെയിൽവേ നിയമത്തിലെ 156-ാം വകുപ്പ് പ്രകാരമാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡൽഹിയിൽ നിന്ന് കാൺപൂർ വരെയും ദിലീപ് ട്രെയിന് മുകളിൽ കിടന്ന് തന്നെയാണ് യാത്ര ചെയ്തതെന്ന് കണ്ടെത്തി. യുവാവിനെ താഴെ ഇറക്കിയതിന് ശേഷം ട്രെയിൻ യാത്ര പുനരാരംഭിച്ചു.