Kerala

പടക്കവുമായി തീവണ്ടിയിൽ യാത്ര വേണ്ട; പിടിച്ചാൽ മൂന്നു വർഷം വരെ തടവ്

Posted on

കൊച്ചി: പടക്കവുമായി ട്രെയിനിൽ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആർപിഫ്. വിഷു പ്രമാണിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിലക്കുറവിൽ പടക്കം വാങ്ങി തീവണ്ടിയിൽ എത്തിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നിരീക്ഷണം ശക്തമാക്കിയത്. പടക്കവുമായി ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് മൂന്നു വർഷം വരെയാണ് തടവ്. കൂടാതെ പിഴയും കിട്ടും‌.

ആർപിഎഫ് ക്രൈം ഡിവിഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡാണ് പരിശോധന തുടങ്ങിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി. പാലക്കാട്, മം​ഗലാപുരം, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. എസ്ഐയോ എഎസ്ഐയോ നേതൃത്വം നൽകുന്ന നാലം​ഗ സംഘമാണ് ഓരോ സ്ക്വാഡിലും ഉണ്ടാവുക. 24 മണിക്കൂറും പരിശോധനയുണ്ടാകും.

മഫ്തിയിലാണ് പരിശോധനയ്ക്ക് എത്തുക. പിടിവീണാൽ റെയിൽവേ നിയമം 164, 165 വകുപ്പുകൾ പ്രകാരം കേസെടുക്കും. മൂന്നു വർഷം വരെ തടവോ 1000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷയാണ് ഇത്. കനത്ത ചൂടുള്ള കാലാവസ്ഥയിൽ പടക്കം പൊട്ടിത്തെറിക്കാനും തീവണ്ടിക്ക് തീപിടിക്കാനുമുള്ള സാധ്യതയുള്ളതിനാലാണ് നടപടി കർശനമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version