Kerala
പ്രോഗ്രസ്സീവ് ഫിലിം മേക്കർസ് അസോസിയേഷൻ; സംഘടനയെ പിന്തുണച്ച് നടൻ ടൊവിനോ
കൊച്ചി: പ്രോഗ്രസ്സീവ് ഫിലിം മേക്കർസ് അസോസിയേഷൻ എന്ന പേരില്‍ പുതുതായി വരുന്ന സംഘടനയെ സ്വാഗതം ചെയ്യുന്നുവെന്ന് നടൻ ടൊവിനോ തോമസ് . നിലവില്‍ നടക്കുന്ന ചർച്ചകളുടെ ഭാഗമല്ല. പുരോഗമനപരമായി എന്ത് കാര്യം നടക്കുന്നു എങ്കിലും അത് നല്ലതാണ്. മികച്ച മറ്റൊരു സംഘടന ആണെങ്കില്‍ അതിന്റെ ഭാഗമാകുമെന്നും ടൊവിനോ തോമസ് പറഞ്ഞു. നിലവില്‍ അമ്മ സംഘടനയുടെ ഭാഗമാണ്. പ്രോഗ്രസ്സീവായ ഏത് കാര്യം സംഭവിക്കുമ്പോഴും അതിൻ്റെ ഭാഗമാവുമെന്നും ടൊവിനോ കൂട്ടിച്ചേർത്തു.
ഓണം റിലീസ് ചിത്രം എ ആർ എമ്മിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നതിലും ടൊവിനോ തോമസ് പ്രതികരിച്ചു. സിനിമ വ്യവസായത്തെ ആകെ ബാധിക്കുന്ന വിഷയമെന്നും പിന്നില്‍ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നോ എന്ന് സംശയമെന്നും ടൊവിനോ തോമസ് പ്രതികരിച്ചു. വ്യാജപതിപ്പ് ഇറങ്ങിയതില്‍ നിയമ നടപടിക്കൊരുങ്ങുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കള്‍.
തന്‍റെ സിനിമയെ ടാർഗറ്റ് ചെയ്യുന്നു എന്ന് സംവിധായകൻ ജിതിൻ ലാല്‍ പറഞ്ഞു. ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ എആര്‍എം (അജയന്‍റെ രണ്ടാം മോഷണം) എന്ന ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പുറത്തായ വാർത്ത കഴിഞ്ഞദിവസമാണ് എത്തിയത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം സംവിധായകന്‍ ജിതിന്‍ ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.