ന്യൂഡല്‍ഹി: നിർദിഷ്ട ഉപഗ്രഹധിഷ്ഠിത ടോൾ സംവിധാനത്തിൽ വരുന്ന വാഹനങ്ങൾക്ക് ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ടോൾ ഇനി മുതല്‍ ബാധകമാവില്ല.
ജിഎൻഎസ്എസ് (ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം) സംവിധാനം നടപ്പാക്കുന്നതിനായി കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനം ഇറക്കി. 2008-ലെ ദേശീയ പാത ഫീ ചട്ടത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.
ടോൾ ബാധകമായ പാതകളിലെ നാഷണൽ പെർമിറ്റ് ഒഴികെയുള്ള വാഹനങ്ങൾക്ക് ഒരു ദിവസം ഇരു ദിശകളിലേക്കും സഞ്ചരിക്കുന്ന ആദ്യ 20 കിലോമീറ്റർ ദൂരത്തിനാണ് ടോൾ ബാധകമല്ലാത്തത്. ഇത് ദിവസവും ടോൾ പാതയിലൂടെ ഹ്രസ്വദൂര സഞ്ചരിക്കുന്നവർക്ക് ഗുണകരമായിരിക്കും. എന്നാൽ 20 കിലോമീറ്ററിൽ കൂടിയാൽ സഞ്ചരിച്ച മുഴുവൻ ദൂരത്തിനും ടോൾ ബാധകമായിരിക്കും.